Youth Zone

മരിയയ്ക്കു സംഭവിച്ചത് ആര്‍സൂവിനും: തട്ടിക്കൊണ്ടുപോയവനൊപ്പം ജീവിക്കാന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയോട് പാക്ക് ഹൈക്കോടതി

പ്രവാചക ശബ്ദം 30-10-2020 - Friday

കറാച്ചി: മരിയ (മൈറ) ഷഹ്ബാസിന് പിന്നാലെ പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകലിനും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും, വിവാഹത്തിനും ഇരയായ പതിമൂന്നുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയവനൊപ്പം വിട്ടുകൊണ്ടു സിന്ധ് ഹൈക്കോടതി വിധി. രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ ഞെട്ടല്‍ ഉളവാക്കികൊണ്ടാണ് പാക്കിസ്ഥാനിലെ കറാച്ചിയിലെ റെയില്‍വേ കോളനി നിവാസിയായ ആര്‍സൂ മസിയെന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ അസ്ഹര്‍ അലി എന്ന പ്രതിയുടെ വാദങ്ങള്‍ മാത്രം കേട്ടു ഇദ്ദേഹത്തിനൊപ്പം ജീവിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് പെണ്‍കുട്ടി അസ്ഹര്‍ അലിയെ വിവാഹം ചെയ്തിരിക്കുന്നതെന്ന യുക്തിരഹിത വാദം അംഗീകരിച്ചുകൊണ്ടാണ് സിന്ധ് ഹൈക്കോടതി പെണ്‍കുട്ടിയെ വിവാഹിതനും മധ്യവയ്സ്കനുമായ മുസ്ലീമിനൊപ്പം പ്രതിയ്ക്കൊപ്പം പോയി ജീവിക്കുവാന്‍ ഉത്തരവായിരിക്കുന്നത്. ആര്‍സൂ ഫാത്തിമയെന്നാണ് ആര്‍സൂവിന് നല്‍കപ്പെട്ടിരിക്കുന്ന മുസ്ലീം നാമം. അസ്ഹര്‍ അലിക്കെതിരേയും കുടുംബത്തിനെതിരേയും യാതൊരുവിധ നിയമ നടപടികളും പാടില്ലെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 13നാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആര്‍സൂവിനെ അലി അസ്ഹര്‍ തട്ടിക്കൊണ്ടുപോയത്. ആര്‍സൂവിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും, ആര്‍സുവിന് 18 വയസ്സ് തികഞ്ഞെന്നും, അവള്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തുവെന്നും, സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹമെന്നും പ്രഖ്യാപിക്കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് ഭര്‍ത്താവ് ഹാജരാക്കിയിട്ടുണ്ടെന്ന മറുപടിയായിരുന്നു രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അധികാരികളില്‍ നിന്ന് ലഭിച്ചത്. പാക്ക് ക്രൈസ്തവര്‍ മതത്തിന്റെ പേരില്‍ പോലീസ് സ്റ്റേഷനുകളില്‍ നേരിടുന്ന വിവേചനത്തിന് ഒടുവിലത്തെ ഉദാഹരണമായാണ് ഇതിനെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നോക്കികാണുന്നത്.

നിരവധി മുസ്ലീം സ്ത്രീകളുടേയും പുരുഷന്‍മാരുടേയും അകമ്പടിയോടെ ഭീകരാന്തരീക്ഷത്തിലാണ് പെണ്‍കുട്ടിയെ കോടതിയില്‍ കൊണ്ടുവന്നതെന്നും, തന്റെ അമ്മക്കരികിലേക്ക് ഓടാന്‍ തുനിഞ്ഞ ആര്‍സൂവിനെ അലി അസ്ഹര്‍ ബലമായി പിടിച്ചുനിറുത്തുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. അലി അസ്ഹര്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന്‍ ആരോപിച്ച ആര്‍സൂവിന്റെ പിതാവ്, അലി അസ്ഹറിന്റെ രണ്ടു സഹോദരങ്ങള്‍ സിന്ധ് പോലീസിലാണ് ജോലി ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ആര്‍സൂവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന്‍ തെളിയിക്കുന്ന യഥാര്‍ത്ഥ രേഖകള്‍ പരിശോധിക്കുവാന്‍ പോലും ജഡ്ജി കൂട്ടാക്കിയില്ലെന്ന ആരോപണവും ദൃക്സാക്ഷികള്‍ ഉയര്‍ത്തുന്നുണ്ട്. സിന്ധ് ഹൈകോടതിയുടെ പക്ഷപാതപരമായ വിധിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.



പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത് നിരോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. മരിയ ഷഹ്ബാസിന്റെ കേസിലെ ലാഹോര്‍ ഹൈകോടതി വിധി ആഗോളതലത്തില്‍ വിമര്‍ശിക്കപ്പെട്ടതിന്റെ തൊട്ടുപിന്നാലെയാണ് സിന്ധ് ഹൈകോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്. പാക്ക് കോടതികളും, പോലീസും രാജ്യത്തെ മുസ്ലീം ഭൂരിപക്ഷത്തിനൊപ്പമാണെന്ന സൂചനയാണ് ഇത് നൽകുന്നത്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’മായി ബന്ധപ്പെട്ട് ആര്‍സൂവിന്റെ മാതാപിതാക്കള്‍ മകളുടെ മോചനത്തിന് വേണ്ടിയുള്ള പ്രചാരണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കറാച്ചിയിലും ഇതര നഗരങ്ങളിലും പെണ്‍കുട്ടിയുടെ മോചനത്തിനായി സമരവുമായി സംഘടിക്കുകയാണ് ക്രൈസ്തവ സമൂഹം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »