News - 2025

ഗർഭസ്ഥ ശിശുക്കൾക്കു വേണ്ടി പ്രത്യേക വിശുദ്ധ കുർബാന അർപ്പിക്കുവാൻ ഇക്വഡോർ രൂപത

പ്രവാചക ശബ്ദം 02-11-2020 - Monday

ഇക്വഡോർ: സകല മരിച്ചവരുടെയും തിരുനാളിനോട് അനുബന്ധിച്ച് ഇക്വഡോറിലെ ഗുയാകുൽ അതിരൂപത ഗർഭസ്ഥ ശിശുക്കൾക്കും ഗർഭഛിദ്രത്തിന് ഇരയായ കുഞ്ഞുങ്ങൾക്കും വേണ്ടി നവംബർ നാലാം തീയതി പ്രത്യേകം വിശുദ്ധ കുർബാന അർപ്പിക്കും. ഭൂമിയിൽ പിറന്നുവീണ് ഏതാനും നിമിഷങ്ങൾക്കുള്ളിൽ മരണമടഞ്ഞ 11 നവജാത ശിശുക്കളുടെ മൃതസംസ്കാര ശുശ്രൂഷയും രൂപതയിൽ നടക്കും. അതിരൂപതയെ കൂടാതെ സാമൂഹ്യ സേവനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഗുയാകുലിലെ ബോർഡ് ഓഫ് ചാരിറ്റിയും, 'ബേബീസ് ഇൻ ദി ഹേർട്ട് ഓഫ് ജീസസ് ആൻഡ് മേരി' എന്ന സംഘടനയും ചേർന്നാണ് ശുശ്രൂഷകൾ ക്രമീകരിക്കുന്നത്. ഗുയാകുൽ ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ലൂയിസ് കബ്രേറ വിശുദ്ധ കുർബാന അർപ്പണത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും. സഹായമെത്രാൻ ജിയോവാനി ബാറ്റിസ്റ്റ പികോളി സഹകാർമികനാകും.

മൃതസംസ്കാരം നടത്തുന്ന ശിശുക്കളുടെ ശരീരം അതിരൂപതയ്ക്ക് സെപ്റ്റംബർ ഇരുപതാം തീയതിയാണ് ലഭിച്ചത്. ബോർഡ് ഓഫ് ചാരിറ്റി നൽകിയ സംഭാവന ഉപയോഗിച്ച് മൃതസംസ്കാര ശുശ്രൂഷകൾക്ക് വേണ്ടിയുള്ള ക്രമീകരണങ്ങൾ അതിരൂപതയുടെ കല്ലറയിൽ നടത്തിയിട്ടുണ്ട്. ഭ്രൂണഹത്യയിലൂടെ മരണമടഞ്ഞ ശിശുക്കളും, മറ്റു കാരണങ്ങളാൽ മരണമടഞ്ഞ ശിശുക്കളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് 'ബേബീസ് ഇൻ ദി ഹേർട്ട് ഓഫ് ജീസസ് ആൻഡ് മേരി' എന്ന സംഘടനയിലെ അംഗമായ പേർല പോസ്റ്റോ കാത്തലിക് ന്യൂസ് ഏജൻസിയുടെ സ്പാനിഷ് വിഭാഗമായ എസിഐ പ്രൻസയോട് പറഞ്ഞു. ഭ്രൂണഹത്യയ്ക്ക് ശേഷം മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന മാതാപിതാക്കൾക്ക് കൗൺസിലിംഗ് അടക്കമുള്ള സഹായങ്ങൾ നൽകുന്നതിന് പദ്ധതിയുണ്ടെന്നും, അതിനുവേണ്ടി മുൻസിപ്പാലിറ്റിയുടെ അനുവാദത്തിനു വേണ്ടി ശ്രമം തുടരുകയാണെന്നും പേർല പോസ്റ്റോ വ്യക്തമാക്കി. 'വെർജിൻ മദർ ഓഫ് ദി ബോൺ ആൻഡ് അൺബോൺ' പ്രതിമയും നവംബർ നാലാം തീയതി നടക്കുന്ന ചടങ്ങുകൾക്കിടയിൽ അനാച്ഛാദനം ചെയ്യും.


Related Articles »