Youth Zone - 2025
ഗർഭസ്ഥ ശിശുക്കൾക്ക് വേണ്ടി എല്ലാ മാസവും ജപമാലയുമായി അമേരിക്കയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ
പ്രവാചകശബ്ദം 04-02-2022 - Friday
കൊളറാഡോ : അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തു ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനുവേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ മാധ്യമ ശ്രദ്ധ നേടുന്നു. ഡെൻവറിന്റെ പ്രാന്ത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് മൂർ സ്കൂളിലെ മുന്നൂറോളം വരുന്ന വിദ്യാർത്ഥികളാണ് എല്ലാ മാസവും ആദ്യത്തെ വ്യാഴാഴ്ച ഈ പ്രത്യേക നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ഒരുമിച്ചു കൂടുന്നത്. "വ്യക്തികളെ പൂർണ്ണമായി യേശുക്രിസ്തുവിലേയ്ക്ക് കൊണ്ടുവരുക", "സഭയ്ക്കും, സമൂഹത്തിനും സേവനം ചെയ്യാൻ വേണ്ടി അവരെ പര്യാപ്തരാക്കുക" തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളുമായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.
ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട്. കൂടാതെ ഈ ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സംഘടനകളുടെ ഭാഗമാകാനും വിദ്യാർഥികൾക്ക് സാധിക്കുന്നു. 'ലയൺസ് ഫോർ ലൈഫ്' എന്ന സംഘടനയാണ് ഗർഭസ്ഥ ശിശുക്കൾക്ക് വേണ്ടിയുളള ജപമാലപ്രാർത്ഥനയ്ക്ക് ചുക്കാൻ പിടിക്കുന്നത്. വിദ്യാലയത്തിലെ കിരാ വീലാൻഡ് എന്ന അധ്യാപികയ്ക്കാണ് കുട്ടികളെ ഒരുമിച്ച് കൂട്ടാനുള്ള ചുമതല ലഭിച്ചിരിക്കുന്നത്. പത്തു വർഷങ്ങൾക്കു മുമ്പ് ജപമാലപ്രാർത്ഥന ആരംഭിച്ച മറ്റൊരു അധ്യാപികയിൽ നിന്ന് 2015 ലാണ് താൻ ചുമതല ഏറ്റെടുത്തതെന്ന് കിരാ പറയുന്നു. രാവിലെ 7:10നാണ് പ്രാർത്ഥന ആരംഭിക്കുന്നത്. വിദ്യാർത്ഥികൾ വലിയ താല്പര്യത്തോടെയാണ് പ്രാർത്ഥനയിൽ പങ്കെടുക്കുന്നത്.
ജപമാലയിലെ ഓരോ രഹസ്യത്തിനോട് കൂടിയും ജീവന്റെ മഹത്വത്തിന് വേണ്ടി പ്രാർത്ഥിക്കാൻ പ്രത്യേകം പ്രാർത്ഥനകൾ ഉണ്ടെന്ന് കിരാ വീലാൻഡ് പറഞ്ഞു. ഓരോ രഹസ്യവും പ്രാർത്ഥിക്കാൻ വിദ്യാർത്ഥികൾ തന്നെയാണ് നേതൃത്വം നൽകുന്നത്. സ്കൂളിലെ മറ്റ് അധ്യാപകരും വലിയ പിന്തുണയാണ് ജപമാല പ്രാർത്ഥനയ്ക്ക് നൽകുന്നത്. ദൈവമാതാവിന്റെ മധ്യസ്ഥയിലൂടെ കുട്ടികൾ നടത്തുന്ന പ്രാർത്ഥന ഗർഭസ്ഥ ശിശുക്കൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ വലിയൊരു ആയുധമാണെന്ന് കാതറിൻ അബാർ എന്ന മറ്റൊരു അധ്യാപിക പറഞ്ഞു. വിദ്യാർത്ഥികൾ സ്കൂളിൽ നിന്നും പോകുമ്പോൾ വിശ്വാസത്തെ മുറുകെ പിടിച്ച് സത്യത്തിൽ നിലകൊള്ളാൻ അവർക്ക് ഇപ്പോൾ ലഭിക്കുന്ന പരിശീലനം ഉപകരിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കിരാ വീലാൻഡ്.