Youth Zone - 2024

സുപ്രീം കോടതി വിധി ബലമായി; അമേരിക്കയില്‍ ഭ്രൂണഹത്യയില്‍ നിന്നും രക്ഷപ്പെട്ടത് പതിനായിരത്തോളം ഗർഭസ്ഥ ശിശുക്കൾ

പ്രവാചകശബ്ദം 01-11-2022 - Tuesday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിൽ ദേശീയതലത്തിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വെസ് വേഡ് അസാധുവെന്ന് അമേരിക്കൻ സുപ്രീംകോടതി വിധി പ്രഖ്യാപനത്തിന് ഒടുവില്‍ രാജ്യത്ത് പതിനായിരത്തോളം ഗർഭസ്ഥ ശിശുക്കൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്. സൊസൈറ്റി ഓഫ് ഫാമിലി പ്ലാനിംഗ് എന്ന ഭ്രൂണഹത്യയെ അനുകൂലിക്കുന്ന സംഘടന വികൗണ്ട് എന്ന പേരിൽ നടത്തിയ കണക്കെടുപ്പിലാണ് ഈ കണക്കുകൾ പുറത്തുവന്നത്. ജൂലൈ മാസം 5270 ഭ്രൂണഹത്യകളാണ് കുറഞ്ഞത്. ഓഗസ്റ്റ് മാസം 5400 എണ്ണത്തിന്റെ കുറവുണ്ടായി. റോ വെസ് വേഡ് വിധി റദ്ദാക്കുന്നതിലേക്ക് നയിച്ച ഡോബ്സ് വെസ് ജാക്സൺ കേസിൽ ജൂൺ 24നാണ് കോടതി വിധി പ്രഖ്യാപനം ഉണ്ടായത്. ഭ്രൂണഹത്യ നിയമവിരുദ്ധമായ സംസ്ഥാനങ്ങളിൽ അതിന്റെ എണ്ണം 0 വരെ എത്തിയിട്ടുണ്ടെന്ന് വികൗണ്ടിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഭ്രൂണഹത്യ നിയമവിധേയമായ സംസ്ഥാനങ്ങളിൽ എണ്ണത്തിൽ വര്‍ദ്ധനവ് കാണിക്കുന്നുണ്ട്.

അലബാമ, കെന്റകി, മിസിസിപ്പി തുടങ്ങിയ സംസ്ഥാനങ്ങളിൽ പത്തിൽ താഴെ ഭ്രൂണഹത്യകൾ മാത്രമാണ് ഓഗസ്റ്റ് മാസം നടന്നത്. രണ്ടുമാസത്തിനുള്ളിൽ ഭ്രൂണഹത്യ നടത്താന്‍ പോകുന്ന സ്ത്രീകളുടെ എണ്ണത്തിൽ ആറ് ശതമാനത്തിന്റെ കുറവു രേഖപ്പെടുത്തി. ഈ കണക്ക് ഇതുപോലെ നിലനിന്നാൽ ഒരു വർഷത്തിനുള്ളിൽ 60,000 കുഞ്ഞുങ്ങൾ ഭ്രൂണഹത്യയിൽ നിന്നും രക്ഷപ്പെടുമെന്നാണ് നിരീക്ഷണം. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കത്തോലിക്ക സഭയും വിവിധ പ്രോലൈഫ് സംഘടനകളും സന്തോഷം രേഖപ്പെടുത്തി. പ്രോലൈഫ് നിയമങ്ങൾ ജീവന്‍ രക്ഷിക്കുമെന്ന വാദത്തിന് വികൗണ്ടിന്റെ കണ്ടെത്തൽ അടിവരയിടുകയാണെന്ന് സൂസൻ ബി ആന്റണി ലിസ്റ്റിന്റെ ചാർലോട്ട് ലോസിയർ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ ചക്ക് ഡോണോവൻ പറഞ്ഞു.

കുഞ്ഞുങ്ങളുടെ ജനനം പോലെ മറ്റൊന്നില്ലായെന്നും, ഈ നിയമം ആയിരക്കണക്കിന് അത്ഭുതങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികൗണ്ടിന്റെ റിപ്പോർട്ട് തയ്യാറാക്കാൻ സഹായം ചെയ്ത കുപ്രസിദ്ധ ഭ്രൂണഹത്യ ശൃംഖലയായ പ്ലാൻഡ് പേരന്റ്ഹുഡ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഭ്രൂണഹത്യ ഭരണഘടനാപരമായ അവകാശമാക്കിയിരിന്ന വിധി റദ്ദാക്കിയ സുപ്രീം കോടതിയുടെ വിധി പ്രഖ്യാപനത്തിന് പിന്നാലേ പ്രോലൈഫ് കേന്ദ്രങ്ങള്‍ക്കും കത്തോലിക്ക ദേവാലയങ്ങള്‍ക്കും നേരെ രാജ്യത്തു വ്യാപക ആക്രമണം അരങ്ങേറിയിരിന്നു. ഭ്രൂണഹത്യ മാരക തിന്മയാണെന്ന തിരുസഭയുടെ പ്രബോധനമാണ് ഗര്‍ഭഛിദ്ര അനുകൂലികളെ ചൊടിപ്പിക്കുന്നത്.


Related Articles »