Life In Christ - 2025
ക്രൈസ്തവ രക്തസാക്ഷികള്‍ വിശ്വാസത്തിന്റെ തീപന്തങ്ങള്‍: രക്തസാക്ഷികളുടെ ഓര്‍മ്മയില്‍ സിറിയന്‍ സഭ
പ്രവാചക ശബ്ദം 04-11-2020 - Wednesday
ബാഗ്ദാദ്: പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2010 ഒക്ടോബര്‍ 31ന് ബാഗ്ദാദിലെ ‘ഔര്‍ ലേഡി ഓഫ് ഡെലിവറന്‍സ്’ ദേവാലയത്തിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവ രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മ്മകളുമായി അന്ത്യോക്യയിലെ സിറിയന്‍ കത്തോലിക്കാ പാത്രിയര്‍ക്കീസ് ഇഗ്നേഷ്യസ് യൂസിഫ് III യൗനാന്‍. മരണം വരിച്ച ക്രൈസ്തവ രക്തസാക്ഷികള്‍ വിശ്വാസത്തിന്റെ തീപന്തങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിശ്വാസികളുടെ ധീര രക്തസാക്ഷിത്വത്തിന്റെ പത്താം വാര്‍ഷികാചരണത്തിന്റെ ഭാഗമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
ജീവിത പാതകളെ പ്രകാശിപ്പിക്കുകയും, സകലരോടുമുള്ള സ്നേഹമാകുന്ന അഗ്നിയില്‍ നമ്മെ ജ്വലിപ്പിക്കുകയും ചെയ്യുന്ന വിശ്വാസത്തിന്റെ തീപന്തങ്ങളാണ് രക്തസാക്ഷികളെന്നു വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ പാത്രിയാര്‍ക്കീസ് പ്രതികരിച്ചു. രണ്ടു വൈദികരും മൂന്നു വയസുള്ള കുട്ടിയും ഉള്‍പ്പെടെ 48 പേരാണ് അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 80 പേര്‍ക്ക് പരിക്കേറ്റിരിന്നു. “രക്തസാക്ഷികള്‍ ചിന്തിയ രക്തം അള്‍ത്താരയിലെ ബലിപീഠത്തിലെ കുഞ്ഞാടിന്റെ രക്തവുമായി കലര്‍ന്നിരിക്കുകയും, അവരുടെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ട് നമ്മളെ കരുണയോടെ കടാക്ഷിക്കുകയും നമുക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു”. പാത്രിയാര്‍ക്കീസ് പറഞ്ഞു. ബാഗ്ദാദിലെ മാത്രമല്ല മെസപ്പൊട്ടോമിയയിലെ മുഴുവന്‍ ക്രൈസ്തവരുടേയും പില്‍ക്കാലത്തെ പലായനത്തിലേക്ക് വഴിവെച്ച വിളിച്ചുണര്‍ത്തലായിരുന്നു അന്നത്തെ കൂട്ടക്കൊലയെന്നും പാത്രിയാര്‍ക്കീസ് യൗനാന്‍ ചൂണ്ടിക്കാട്ടി.
രക്തസാക്ഷികളുടെ നാമകരണത്തിന് വേണ്ടിയുള്ള നടപടികള്‍ അധികം താമസിയാതെ തന്നെ വത്തിക്കാന്‍ പൂര്‍ത്തിയാക്കുമെന്നും, എത്രയും പെട്ടെന്ന് തന്നെ ഇവര്‍ വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുമെന്ന്‍ പ്രതീക്ഷിക്കുന്നതായും പാത്രിയാര്‍ക്കീസ് പറഞ്ഞു.
ആത്യന്തിക വിജയം നന്മക്കായിരിക്കുമെന്നും നമ്മുടെ കര്‍ത്താവിനും വിമോചിതരുടെ റാണിയായ പരിശുദ്ധ കന്യകാ മറിയത്തിനും സകല വിശുദ്ധര്‍ക്കുമൊപ്പം ദുഖമോ, വേദനയോ, കണ്ണുനീരോ ഇല്ലാത്ത യഥാര്‍ത്ഥ സന്തോഷം മാത്രമുള്ള സ്വര്‍ഗ്ഗീയ വാസമാണ് നമ്മുടെ യഥാര്‍ത്ഥ ജീവിതമെന്നും ധീര രക്തസാക്ഷികള്‍ നമുക്ക് ഉറപ്പു തരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ബെയ്റൂട്ടില്‍ നിന്നും ബാഗ്ദാദിലെത്തിയ പാത്രിയാര്‍ക്കീസ് യൗനാന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
2010-ലെ സകല വിശുദ്ധരുടെ തിരുനാൾ ദിനത്തിന്റെ തലേന്ന്‍ രാത്രിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്നവര്‍ക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ചാവേര്‍ ആക്രമണം ഇറാഖിന്റെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമാണെന്നാണ് ഇന്നും വിശേഷിപ്പിക്കപ്പെടുന്നത്. ആക്രമണത്തില്‍ ദേവാലയത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.