News - 2025

കാമറൂണില്‍ വിമത പോരാളികള്‍ തട്ടിക്കൊണ്ടുപോയ കര്‍ദ്ദിനാള്‍ ടുമി മോചിതനായി

പ്രവാചക ശബ്ദം 06-11-2020 - Friday

യോണ്ടേ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ വിമത പോരാളികള്‍ തട്ടിക്കൊണ്ടുപോയ ഡൌവാല അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്തയും തൊണ്ണൂറുകാരനായ കര്‍ദ്ദിനാള്‍ ക്രിസ്റ്റ്യന്‍ ടുമി മോചിതനായി. ഇന്ന് നവംബര്‍ 6ന് ഉച്ചകഴിഞ്ഞ് കുമ്പോ രൂപതാ മെത്രാനായ ജോര്‍ജ്ജ് ന്‍കുവോയാണ് കര്‍ദ്ദിനാള്‍ മോചിപ്പിക്കപ്പെട്ട വിവരം പുറത്തുവിട്ടത്. കര്‍ദ്ദിനാള്‍ ടുമി പൂര്‍ണ്ണ ആരോഗ്യവാനാണെന്നും സഭാനേതൃത്വം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ഇന്നലെ നവംബര്‍ 5ന് ബാമുണ്ടായിലെ എന്‍സോ ജനവിഭാഗത്തിന്റെ നേതാവായ ഫോന്‍ സേം മ്പിന്‍ഗ്ലോവുള്‍പ്പെടെ 12 പേര്‍ക്കൊപ്പം ബാമെണ്ടായില്‍ നിന്നും കുമ്പോയിലേക്ക് യാത്രചെയ്യവേയാണ് തോക്കുധാരികളായ വിമത പോരാളികള്‍ കര്‍ദ്ദിനാളിനേയും മ്പിന്‍ഗ്ലോവിനേയും തട്ടിക്കൊണ്ടുപോകുന്നത്.

ഇരുവരേയും വിവിധ സ്ഥലങ്ങളിലേക്കാണ് കൊണ്ടുപോയതെന്നും കാമറൂണിന്റെ വടക്ക്-പടിഞ്ഞാറന്‍ ഭാഗത്തുള്ള ബാമുങ്കാ ഗ്രാമത്തിലേക്ക് കൊണ്ടുപോയ കര്‍ദ്ദിനാള്‍ മോചിപ്പിക്കപ്പെട്ടുവെങ്കിലും മ്പിന്‍ഗ്ലോവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് റിപ്പോര്‍ട്ട്. താന്‍ വിമതപോരാളികളുടെ കസ്റ്റഡിയിലാണെന്നും തന്നെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും കര്‍ദ്ദിനാള്‍ ടുമി ഫോണില്‍ വിളിച്ച് പറഞ്ഞതായി ഡൌവാല മെത്രാപ്പോലീത്ത സാമുവല്‍ ക്ലേഡ ‘ലാ ക്രോയിക്സ് ആഫ്രിക്ക'യോട് വെളിപ്പെടുത്തിയിരുന്നു. കാമറൂണിന്റെ വടക്ക്-പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ ആങ്ക്ലോഫോണ്‍ മേഖലയില്‍ സര്‍ക്കാര്‍ സൈന്യവും, വിമത പോരാളികളും തമ്മിലുള്ള പോരാട്ടം ശക്തമായിരിക്കുന്നതിനിടയിലാണ് കര്‍ദ്ദിനാളിനെ തട്ടിക്കൊണ്ടുപോകുന്നത്.

മെത്രാപ്പോലീത്ത പദവിയില്‍ നിന്നും വിരമിച്ച ശേഷം വിശ്രമജീവിതം നയിക്കുന്നതിനിടയില്‍ ആങ്ക്ലോഫോണ്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തുവാന്‍ ഏറെ പരിശ്രമം നടത്തിയിട്ടുള്ള ആളാണ്‌ കര്‍ദ്ദിനാള്‍ ടുമി. ആങ്ക്ലോഫോണ്‍ ജെനറല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നതിലും കര്‍ദ്ദിനാള്‍ ടുമി നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. 1985 മുതല്‍ 1991 വരെ കാമറൂണ്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് പദവി അലങ്കരിച്ചിരുന്നയാളാണ് കര്‍ദ്ദിനാള്‍ ടുമി. ഒക്ടോബര്‍ 28ന് നടത്തിയ പൊതു അഭിസംബോധനക്കിടയില്‍ കാമറൂണിലെ അക്രമങ്ങള്‍ക്ക് ഉടനടി പരിഹാരം കാണണമെന്ന് ഫ്രാന്‍സിസ് പാപ്പയും ആവശ്യപ്പെട്ടിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »