India - 2024

മോണ്‍. ജോര്‍ജ് കുരിശുമ്മൂട്ടില്‍ റമ്പാന്‍ പട്ടം സ്വീകരിച്ചു

09-11-2020 - Monday

റാന്നി: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ് കുരിശുമ്മൂട്ടില്‍ റമ്പാന്‍ പട്ടം സ്വീകരിച്ചു. ഇന്നലെ രാവിലെ റാന്നി സെന്റ് തെരേസാസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടന്ന ശുശ്രൂഷയില്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

നിയുക്ത മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, പത്തനംതിട്ട രൂപാധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ്, ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ക്‌നാനായ സഭയിലെ കുര്യാക്കോസ് മാര്‍ ഈവാനിയോസ് എന്നിവരും ശുശ്രൂഷകളില്‍ പങ്കെടുത്തു. രാവിലെ കാതോലിക്കാബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിച്ച വിശുദ്ധ കുര്‍ബാന മധ്യേയാണ് നിയുക്ത മെത്രാനു ഗീവര്‍ഗീസ് എന്ന പേരില്‍ റമ്പാന്‍പട്ടം നല്‍കിയത്.

പൂര്‍ണസന്ന്യാസ പട്ടത്തിന്റെ ഭാഗമായി കറുത്ത കുപ്പായവും മസ്‌നപ്‌സായും അരക്കെട്ടും ധരിപ്പിച്ച് മുഖ്യകാര്‍മികന്‍ അഭിനവ റമ്പാന്റെ പാദങ്ങള്‍ കഴുകി ചെരിപ്പ് അണിയിക്കുകയും തോളില്‍ വഹിക്കാന്‍ മരക്കുരിശും കഴുത്തില്‍ അണിയാന്‍ കുരിശുമാലയും നല്‍കിയതോടെയാണ് ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ചത്. മോണ്‍. ജോര്‍ജ് കുരിശുമ്മൂട്ടിലിന്റെ മെത്രാഭിഷേകം 14ന് ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകള്‍.


Related Articles »