News
അര്‍മേനിയന്‍ ജനതയ്ക്കു ക്രിസ്ത്യന്‍ സംഘടനയുടെ കൈത്താങ്ങ്: ഒരു വിമാനം നിറയെ ശൈത്യകാല വസ്ത്രങ്ങള്‍ അയച്ചു
പ്രവാചക ശബ്ദം 11-11-2020 - Wednesday
വാഷിംഗ്ടണ്‍ ഡിസി: അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള യുദ്ധം മൂലം അഭയാര്‍ത്ഥികളായ അര്‍മേനിയക്കാര്‍ക്ക് ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്റെ കീഴിലുള്ള അന്താരാഷ്‌ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റന്‍ പഴ്സിന്റെ ശൈത്യകാല സഹായം. ഒരു വിമാനം നിറയെ ശൈത്യകാല വസ്ത്രങ്ങള്‍ അര്‍മേനിയന്‍ തലസ്ഥാനമായ യെരെവാനിലേക്ക് അയച്ചു കഴിഞ്ഞുവെന്ന് സംഘടന പ്രസ്താവനയില്‍ അറിയിച്ചു. അഞ്ഞൂറു കുടുംബങ്ങള്‍ക്ക് വേണ്ട ബൂട്ട്, കോട്ട്, തൊപ്പി, കയ്യുറകള്‍, കാലുറകള്‍, അടിവസ്ത്രങ്ങള്‍, പുതപ്പുകള്‍ തുടങ്ങി 11 ടണ്‍ ശൈത്യകാല വസ്ത്രങ്ങളാണ് അയച്ചിരിക്കുന്നത്. യുദ്ധം മൂലം ഏതാണ്ട് എണ്‍പതിനായിരത്തോളം ആളുകള്‍ യെരെവാനില്‍ തങ്ങളുടെ ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കുമൊപ്പം കഴിയുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണ് അര്‍മേനിയ. അന്തരിച്ച സുവിശേഷകന്‍ ബില്ലി ഗ്രഹാമിന്റെ മകനും അറിയപ്പെടുന്ന ഇവാഞ്ചലിസ്റ്റുമായ ഫ്രാങ്ക്ലിന്‍ ഗ്രഹാമാണ് സമരിറ്റന്‍ പഴ്സിന് നേതൃത്വം നല്‍കുന്നത്. തങ്ങള്‍ ഒറ്റയ്ക്കല്ലെന്നും ദൈവം തങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും അഭയാര്‍ത്ഥികളായി കഴിയുന്ന കുടുംബങ്ങളെ ബോധ്യപ്പെടുത്തുവാനാണ് ഈ സഹായം കൊണ്ടു ഉദ്ദേശിക്കുന്നതെന്ന്‍ സമരിറ്റന്‍ പഴ്സിന്റെ പ്രസിഡന്റായ ഫ്രാങ്ക്ലിന്‍ ഗ്രഹാം പറഞ്ഞു. അര്‍മേനിയന്‍ ഭൂരിപക്ഷ നാഗോര്‍ണോ-കാരബാക്ക് മേഖലയെ ചൊല്ലി സെപ്റ്റംബര്‍ 27ന് അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ യുദ്ധം ആരംഭിച്ച ശേഷം കോക്കാക്കസ് മലനിരകളിലെ ഗ്രാമങ്ങളില്‍ നിന്നും ആയിരക്കണക്കിന് കുടുംബങ്ങളാണ് തങ്ങളുടെ വീടുപേക്ഷിച്ച് പലായനം ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഹൃദയഭേദകമാണെന്നു സമരിറ്റന്‍ പഴ്സ് പ്രതികരിച്ചു.
യെരെവാനിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം ഭക്ഷണത്തിന്റേയും മറ്റ് അവശ്യ വസ്തുക്കളുടേയും ദൗര്‍ലഭ്യത്തിന് കാരണമായേക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. യെരെവാനിലെ കുടുംബങ്ങള്‍ക്ക് ഭക്ഷണപൊതികള്‍ വിതരണം ചെയ്യുന്നതിനായി ശ്രമിച്ചു വരികയാണെന്നും അര്‍മേനിയയിലെ കുടുംബങ്ങള്‍ക്ക് പുറമേ അസര്‍ബൈജാനിലെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിനെക്കുറിച്ച് അവിടുത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിവരികയാണെന്നും സമരിറ്റന്‍ പഴ്സ് അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ‘നാഗോര്‍ണോ-കരാബാക്ക്’ മേഖലയില്‍ അസര്‍ബൈജാന്‍ നടത്തുന്ന സൈനീക നീക്കത്തിലൂടെ തുര്‍ക്കി വീണ്ടും അര്‍മേനിയന്‍ ക്രിസ്ത്യന്‍ വംശഹത്യക്ക് കോപ്പുകൂട്ടുന്നുവെന്ന മുന്നറിയിപ്പുമായി അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭാ തലവന്‍ പാത്രിയാര്‍ക്ക് കാതോലിക്കോസ് കാരിക്കിന്‍ രണ്ടാമന്‍ നേരത്തെ രംഗത്ത് വന്നിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക