India - 2024
ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണം 14ന്
പ്രവാചക ശബ്ദം 12-11-2020 - Thursday
തിരുവല്ല: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണം 14ന് തിരുവല്ലയില്‍ നടക്കും. സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീനോടു ചേര്‍ന്ന ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളിലെ താത്കാലിക മദ്ബഹായില്‍ രാവിലെ എട്ടിന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേയാണ് സ്ഥാനാരോഹണ ശുശ്രൂഷ. ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും. മാര്‍ത്തോമ്മ സഭയിലെ ബിഷപ്പുമാരും തൊഴിയൂര്‍ സഭാധ്യക്ഷനും സ്ഥാനാരോഹണ ശുശ്രൂഷയില്‍ കാര്‍മികരാകും.
11നു നടക്കുന്ന അനുമോദന സമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ, സിഎന്‍ഐ മോഡറേറ്റര്‍ റവ.ഡോ.പി.സി. സിംഗ്, സിഎസ്‌ഐ മോഡറേറ്റര്‍ റവ.ഡോ. ധര്‍മരാജ് റസാലം, തൊഴിയൂര്‍ സഭാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ.ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ക്‌നാനായ സഭ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.