News - 2025

തീവ്രവാദികൾ 50 പേരെ തലയറുത്തു കൊന്ന മൊസാംബിക്കിന് ധനസഹായവുമായി കത്തോലിക്ക സംഘടന

പ്രവാചക ശബ്ദം 12-11-2020 - Thursday

ലണ്ടന്‍: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഇസ്ലാമിക തീവ്രവാദികൾ അന്‍പതു പേരെ തലയറുത്ത് കൊന്ന വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നതിന് പിന്നാലെ കത്തോലിക്കാ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ഒരു ലക്ഷം യൂറോയുടെ സഹായം മൊസാംബിക്കിനു വേണ്ടി പ്രഖ്യാപിച്ചു. പുതപ്പ്, ഭക്ഷണം, മരുന്നുകൾ തുടങ്ങിയവ സംഘടന നൽകുന്ന സഹായത്തിൽ ഉൾപ്പെടും. ഇസ്ലാമിക് സ്റ്റേറ്റ് ഇൻ സെൻട്രൽ ആഫ്രിക്ക എന്ന സംഘടന ആളുകളെ ഭവനങ്ങളിൽ നിന്ന് എങ്ങനെയെങ്കിലും തുരത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രവർത്തിക്കുന്നതെന്ന് സിസ്റ്റർ ബ്ലാങ്ക നൂബിയ സബാട്ട എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് പറഞ്ഞു.

അല്പംപോലും കരുണയില്ലാതെയാണ് കാബോ ഡെൽഗാഡോ പ്രവിശ്യയുടെ ഉത്തര ദേശങ്ങളിൽ നിന്നും വലിയൊരു ജനസംഖ്യയെ മുഴുവനായി ഉന്മൂലനം ചെയ്യാന്‍ തീവ്രവാദികൾ ശ്രമം നടത്തുന്നത്. നിരവധി ആളുകൾ തങ്ങളുടെ സഹായം അഭ്യർത്ഥിച്ചുവെന്നും, ഒരുപാട് ക്ലേശം സഹിച്ചാണ് ആളുകളെ സുരക്ഷിത മേഖലയിലേക്ക് എത്തിക്കുന്നതെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു. ദീർഘനാളായി മൊസാംബിക്കിൽ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇപ്പോൾ അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ ഇന്‍റര്‍നാഷ്ണൽ ഹെഡ് ഓഫ് പ്രൊജക്റ്റ് പദവി വഹിക്കുന്ന റെജീന ലിഞ്ച് പറഞ്ഞു. ഇസ്ലാമിക തീവ്രവാദികൾ നിരവധി ദേവാലയങ്ങളും, സന്യാസ ഭവനങ്ങളും തകർത്തു. രണ്ടു സന്യസ്തരെ അവർ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. എന്നാൽ അന്താരാഷ്ട്ര സമൂഹം ക്രൈസ്തവരെയും, മുസ്ലിം മത വിശ്വാസികളെയും ഒരേപോലെ ബാധിക്കുന്ന ഈ അതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് ഇത്രയും നാൾ ചെയ്തതെന്നും റെജീന ലിഞ്ച് പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് മൊസാംബിക്കിലെ മുവാറ്റിഡ, നഞ്ചാബ എന്നീ ഗ്രാമങ്ങളിലാണ് തീവ്രവാദികള്‍ നരഹത്യ നടത്തിയത്. ആയുധധാരികളായ തീവ്രവാദികൾ ഇസ്ലാമിക മുദ്രാവാക്യം മുഴക്കിയാണ് അക്രമം നടത്തിയതെന്ന് മൊസാംബിക് സർക്കാരിന്റെ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്ത് തീവ്രവാദികൾ നടത്തിയ ഏറ്റവും ഭീകരമായ ആക്രമണമാണിത്. ആയുധധാരികളായ തീവ്രവാദികൾ മുവാറ്റിഡ ഗ്രാമത്തിൽ പ്രവേശിച്ചു പ്രാണരക്ഷാർത്ഥം പലായനം ചെയ്യാൻ ശ്രമിച്ച ഗ്രാമീണരെ പിടികൂടി ഫുട്‌ബോൾ മൈതാനത്തേക്ക് കൊണ്ടുവന്ന് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കാബോ ഡെൽഗാാഡ പ്രവിശ്യയിൽ തുടർച്ചയായി അറുനൂറു ആക്രമണങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ മാത്രം 31,000 ആളുകൾ ഭവനരഹിതരാകുകയും, രണ്ടായിരത്തോളം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »