News - 2025
കിഴക്കൻ ആഫ്രിക്കയിൽ ക്രൈസ്തവ വിരുദ്ധ പീഡനം വർദ്ധിക്കുന്നു: വെളിപ്പെടുത്തലുമായി ഓപ്പൺ ഡോർസ്
പ്രവാചക ശബ്ദം 16-11-2020 - Monday
ലണ്ടന്‍: മുൻകാലങ്ങളിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിൽ കിഴക്കൻ ആഫ്രിക്കയിൽ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായെന്ന് അന്താരാഷ്ട്ര ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസ്. ക്രക്സ് എന്ന കത്തോലിക്കാ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ആഫ്രിക്കയില്‍ ക്രൈസ്തവർ നേരിടുന്ന ഭീഷണിയെ പറ്റി ഓപ്പൺ ഡോർസ് യുഎസ്എയുടെ അധ്യക്ഷൻ ഡേവിഡ് കറിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ക്രൈസ്തവരെ അവരുടെ ഭവനങ്ങളിൽ നിന്നും തുരത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അക്രമികൾ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പല കാര്യങ്ങൾക്കും സമൂഹത്തെ ആശ്രയിച്ച് ജീവിക്കുന്ന ക്രൈസ്തവ വിശ്വാസികളെ ഒറ്റപ്പെടുത്തുന്ന നയമാണ് അക്രമികൾ സ്വീകരിക്കുന്നതെന്ന് കിഴക്കൻ ആഫ്രിക്കയിൽ ഓപ്പൺ ഡോർസ് സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന യാസിൻ എന്നൊരാൾ വെളിപ്പെടുത്തിയിട്ടുണ്ട്.
തങ്ങൾ ജനിച്ചുവളർന്ന സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയല്ലാതെ മറ്റൊരു വഴി ക്രൈസ്തവരുടെ മുമ്പിൽ പലപ്പോഴും കാണാറില്ലെന്നും യാസിൻ ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസത്തെ പറ്റി ആഴമായി മനസ്സിലാക്കി മാമോദിസ സ്വീകരിക്കുന്ന മുസ്ലിം മതവിശ്വാസികളും കടുത്ത പീഡനങ്ങളും എതിർപ്പുകളും ഏറ്റുവാങ്ങുന്നു. മതം മാറുന്നവരുടെ കുടുംബങ്ങളിൽ നിന്ന് ആരംഭിക്കുന്ന പ്രശ്നങ്ങൾ സമുദായം ഒന്നടങ്കം ഏറ്റെടുക്കുമ്പോൾ പ്രശ്നം സങ്കീർണമാകുന്നു. ക്രൈസ്തവ വിശ്വാസികളുടെ സംരഭങ്ങള്‍ ബഹിഷ്കരിക്കപ്പെടുന്നു. സ്ത്രീകൾ നിർബന്ധിത വിവാഹത്തിന് വിധേയരാകുന്നു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ പണംപോലും നൽകുന്ന സംഭവങ്ങൾ അനവധിയുണ്ട്. എത്യോപ്യ, സോമാലിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിലായി 30 ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികൾ പീഡനമേൽക്കുന്നുണ്ടെന്ന് ഡേവിഡ് കറി വിശദീകരിച്ചു.
കൗൺസിലിംഗും ആത്മീയ സഹായങ്ങളും, മെഡിക്കൽ കിറ്റുകൾ അടക്കമുള്ളവയും നൽകി തങ്ങളുടെ സംഘടന ക്രൈസ്തവ വിശ്വാസികൾക്ക് പിന്തുണ നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതിനേക്കാളെല്ലാം ഉപരിയായി അവർക്ക് ജീവിക്കാൻ അനുയോജ്യമായ ഒരു സാഹചര്യം ഉണ്ടാക്കി നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കറി പറഞ്ഞു. ഇസ്ലാമിക തീവ്രവാദമാണ് ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ മുഖ്യകാരണമെന്നും അദ്ദേഹം വിശദീകരിച്ചു. ആഫ്രിക്കയിലെ ക്രൈസ്തവർക്ക് വേണ്ടി പാശ്ചാത്യ രാജ്യങ്ങളിലെ വിശ്വാസികൾ ശബ്ദമുയർത്തുകയും, പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് പറഞ്ഞുകൊണ്ടാണ് ഡേവിഡ് കറിയുടെ അഭിമുഖം അവസാനിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക