India - 2024

തലശേരി അതിരൂപതയുടേത് വലിയ കാര്‍ഷികമുന്നേറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

20-11-2020 - Friday

കണ്ണൂര്‍: ഉത്തരമലബാറിലെ വിദ്യാഭ്യാസവിപ്ലവത്തിന് ഊടും പാവും നല്‍കിയ തലശേരി അതിരൂപതയുടെ വലിയൊരു കാര്‍ഷികമുന്നേറ്റമാണ് ബയോ മൗണ്ടന്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ ഉത്തരമലബാറിലെ കര്‍ഷകരുടെ ജീവിതഭദ്രത ലക്ഷ്യമിട്ട് രൂപീകരിച്ച ബയോ മൗണ്ടന്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉദ്ഘാടനം കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിക്ക് വലിയൊരു പിന്തുണയാണ് ഈ കമ്പനിയുടെ രൂപീകരണം. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ശേഖരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കി വിതരണംചെയ്യുന്ന ഈ സംരംഭം മലബാറിലെ കാര്‍ഷികമുന്നേറ്റത്തിന് വലിയ ഉത്തേജനം പകരും. കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ചു. അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി ആമുഖപ്രഭാഷണം നടത്തി.

വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഓഹരി വിതരണവും തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വൈബ്‌സൈറ്റും ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ലോഗോ പ്രകാശനം കെ.സുധാകരന്‍ എംപി മാര്‍ ജോര്‍ജ് ഞറളക്കാട്ടിന് നല്‍കി നിര്‍വഹിച്ചു. കമ്പനിയുടെ ബ്രോഷര്‍ പ്രകാശനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിക്ക് നല്‍കി പ്രകാശനം ചെയ്തു. കമ്പനി ചെയര്‍മാന്‍ മോണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍ കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ചു.


Related Articles »