News - 2024

ആര്‍സൂ രാജയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കണം: നീതിപീഠത്തോട് പാക്ക് ക്രിസ്ത്യന്‍ നേതാക്കള്‍

പ്രവാചക ശബ്ദം 25-11-2020 - Wednesday

ലാഹോര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയായ പതിമൂന്നുകാരി ക്രിസ്ത്യന്‍ പെണ്‍കുട്ടി ആര്‍സൂ രാജയെ മാതാപിതാക്കള്‍ക്കൊപ്പം അയക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാക്ക് ക്രിസ്ത്യന്‍ നേതാക്കള്‍. ഇതൊരു ക്രിസ്ത്യന്‍ - മുസ്ലീം തര്‍ക്കമല്ലെന്നും, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലീക അവകാശങ്ങളുടെ പ്രശ്നമാണിതെന്നും, കോടതി ആര്‍സൂവിന്റെ മാതാപിതാക്കള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പാക്കിസ്ഥാനി മെത്രാന്‍ സമിതിയുടെ മനുഷ്യാവകാശ വിഭാഗമായ നാഷ്ണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ പ്രസിഡന്റ് ഫാ. ഇമ്മാനുവല്‍ യൂസഫ്‌ പറഞ്ഞു. ആര്‍സൂ കേസിന്റെ വിചാരണ കേള്‍ക്കുന്നതിനായി ലാഹോറില്‍ നിന്നും കറാച്ചിയിലെത്തിയ അദ്ദേഹം നവംബര്‍ 23ന് മാധ്യമങ്ങളുമായി സംസാരിക്കവേയാണ് ഈ ആവശ്യം ഉന്നയിച്ചത്.

“കോടതി തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കണം. പഞ്ചാബിലെ നിരവധി കേസുകളില്‍ ഇതിനു മുന്‍പും ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ കോടതി മാതാപിതാക്കള്‍ക്കൊപ്പം അയച്ചതിന്റെ തെളിവുകള്‍ ലാഹോറില്‍ നിന്നും വന്ന എനിക്ക് ഹാജരാക്കുവാന്‍ കഴിയും”. ഫാ. ഇമ്മാനുവല്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായ ആര്‍ക്കെങ്കിലുമാണ് മതപരിവര്‍ത്തനത്തിനോ വിവാഹത്തിനോ ആഗ്രഹമെങ്കില്‍ തങ്ങള്‍ക്ക് കുഴപ്പമില്ലെന്നും, എന്നാല്‍ ഇത് നിര്‍ബന്ധിത മതപരിവര്‍ത്തനവും വിവാഹവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍സൂവിന്റെ കേസ് ആഗോള ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ മുഖ്യ പങ്കുവഹിച്ച മാധ്യമങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

ആര്‍സൂവിനെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയയ്ക്കണമെന്ന ആവശ്യവുമായി ആര്‍സൂ രാജ കേസിന്റെ ഔദ്യോഗിക വക്താവായ ഫാ. സാലെ ഡിയഗോയും രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാനി നിയമമനുസരിച്ച് പ്രായപൂര്‍ത്തിയാവാത്ത ആര്‍ക്കും മറ്റൊരു മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുവാന്‍ സാധിക്കുകയില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഷെല്‍ട്ടര്‍ ഹോമില്‍വെച്ച് ആര്‍സൂവിനെ കാണുവാനും സ്വതന്ത്രമായി സംസാരിക്കുവാനും മാതാപിതാക്കളെ അനുവദിക്കണമെന്ന്‍ കറാച്ചി അതിരൂപതാ വികാര്‍ ജനറാള്‍ കൂടിയായ ഫാ. ഡിയഗോ ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 13നാണ് തന്റെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആര്‍സൂവിനെ അലി അസ്ഹര്‍ എന്ന നാല്‍പ്പത്തിനാലുകാരനായ മുസ്ലീം തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്തത്. ആദ്യം അലി അസ്ഹറിനൊപ്പം വിടുവാന്‍ കോടതി വിധിച്ചെങ്കിലും പിന്നീട് ആര്‍സൂവിനെ ഒരു ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുവാന്‍ സിന്ധ് ഹൈക്കോടതി താല്‍ക്കാലിക ഉത്തരവിടുകയായിരുന്നു. ആഴ്ചയിലൊരിക്കല്‍ അവളെ കാണുവാനും സംസാരിക്കുവാനുമായി വനിതാ വെല്‍ഫെയര്‍ ഓഫീസറേയും കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആര്‍സൂവിനെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കണമെന്ന ആവശ്യവുമായി ക്രിസ്ത്യന്‍ നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »