News - 2025
ആരാധനാലയ നിയന്ത്രണങ്ങള്‍ക്കെതിരെ യുഎസ് സുപ്രീം കോടതി: വിജയം കണ്ടത് ക്രൈസ്തവരുടെയും യഹൂദരുടെയും പോരാട്ടം
പ്രവാചക ശബ്ദം 28-11-2020 - Saturday
വാഷിംഗ്‌ടണ്‍ ഡിസി: ആരാധനാലയങ്ങളിലെ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 10 മുതല്‍ 25 വരെ പരിമിതപ്പെടുത്തുന്നതില്‍ നിന്നും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുമോയെ വിലക്കിക്കൊണ്ട് യു.എസ് സുപ്രീം കോടതി. ഇതു സംബന്ധിച്ച ഉത്തരവ് നവംബര്‍ 25നാണ് പുറപ്പെടുവിച്ചത്. ബ്രൂക്ക്ലിന്‍ അതിരൂപതയും അഗദത്ത് ഇസ്രായേലും കുമോക്കെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താല്‍ക്കാലിക ഉത്തരവ്. പുതുതായി സുപ്രീം കോടതിയിലെത്തിയ ജസ്റ്റിസ് ആമി കോണി ബാരെറ്റും ഉത്തരവിന് പിന്നില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. അതേസമയം മതസ്വാതന്ത്ര്യത്തിന്റെ വിജയമായിട്ടാണ് സുപ്രീം കോടതിയുടെ ഉത്തരവിനെ പൊതുവേ നിരീക്ഷിക്കുന്നത്.
പകര്‍ച്ചവ്യാധിയാണെങ്കില്‍ പോലും ഭരണഘടനയെ മാറ്റിവെക്കുവാനോ മറന്ന് പ്രവര്‍ത്തിക്കുവാനോ കഴിയുകയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒന്നാം ഭരണഘടനാ ഭേദഗതി ഉറപ്പ് നല്‍കിയിരിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ആരാധനാലയങ്ങളില്‍ നിന്നും വിശ്വാസികളെ വിലക്കുന്നതെന്നും കോടതി പറഞ്ഞു. അമി കോണി ബാരെറ്റിന് പുറമേ, ക്ലാരന്‍സ് തോമസ്, സാമുവല്‍ അലിറ്റോ, നെയില്‍ ഗോര്‍സച്ച്, ബ്രെറ്റ് കാവന എന്നിവര്‍ മതസ്വാതന്ത്ര്യത്തിനനുകൂലമായ നിലപാടെടുത്തപ്പോള്‍ 4 പേര്‍ ഗവര്‍ണര്‍ക്കനുകൂലമായി വോട്ട് ചെയ്തു. ആരാധനാലയങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ തങ്ങളുടെ മതവിശ്വാസം മുന്നോട്ട് കൊണ്ടുപോകുന്നത് അസാധ്യമാക്കിയെന്ന് ആരോപിച്ചുകൊണ്ടാണ് ബ്രൂക്ക്ലിന്‍ രൂപതയും നിരവധി യഹൂദ സിനഗോഗുകളും കോടതിയെ സമീപിച്ചത്.
കുമോയുടെ ഒക്ടോബര്‍ ആറിലെ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ യാഥാസ്ഥിതിക യഹൂദ സമൂഹത്തിന്റെ കടുത്ത എതിര്‍പ്പിന് കാരണമായിരുന്നു. ഇതിനെതിരെ യഹൂദ സമൂഹം തെരുവ് പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരിന്നു. റെഡ്സോണിലെ ദേവാലയങ്ങളിലും, സിനഗോഗുകളിലും 10 പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുമ്പോള്‍, കച്ചവട സ്ഥാപനങ്ങളെ “അവശ്യ സേവന” വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അനേകം ആളുകള്‍ക്ക് പ്രവേശിക്കുവാന്‍ അനുവാദം നല്‍കിയതാണ് ക്രൈസ്തവരെയും, യഹൂദരേയും പ്രതിഷേധത്തിലേക്ക് തിരിയുവാന്‍ കാരണമാക്കിയത്. കോടതി വിധിക്ക് പിന്നാലേ ന്യൂയോർക്ക് ആർച്ച്ബിഷപ്പ് കർദ്ദിനാൾ തിമോത്തി ഡോളൻ ബ്രൂക്ലിൻ രൂപതാനേതൃത്വത്തെ അനുമോദിച്ച് ട്വീറ്റ് ചെയ്തു. അതേസമയം മതസമുദായങ്ങളുടെ കാര്യത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പുലര്‍ത്തിവരുന്ന ഇരട്ടത്താപ്പ് നയത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക