News - 2024

ഹാഗിയ സോഫിയയിലെ ഇസ്ലാമികവത്ക്കരണം തുടരുന്നു: എര്‍ദ്ദോഗന്‍ കൈമാറിയ ഖുറാന്‍ ഫലകം ദേവാലയത്തില്‍ സ്ഥാപിച്ചു

പ്രവാചക ശബ്ദം 10-12-2020 - Thursday

അങ്കാര: തുര്‍ക്കിയിലെ ലോക പ്രശസ്ത ക്രൈസ്തവ ദേവാലയവും ചരിത്ര സ്മാരകവുമായിരുന്ന ഹാഗിയ സോഫിയ മുസ്‌ലിം പള്ളിയാക്കിയതിനു പിന്നാലെ പൂര്‍ണമായും ഇസ്ലാമിക ആരാധനാലയമാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട തുര്‍ക്കി പ്രസിഡന്റ് തയിബ് എര്‍ദ്ദോഗന്‍റെ നടപടി വീണ്ടും ശക്തമാകുന്നു. ഇതിന്റെ ഭാഗമായി എര്‍ദോഗന്‍ കൈമാറിയ ഖുറാന്‍ വചനങ്ങളുടെ വലിയൊരു ഫലകം സ്ഥാപിച്ചു. ഫലകം പള്ളിയിലെ പ്രസംഗ പീഠത്തിനടത്താണ് സ്ഥാപിച്ചിരിക്കുന്നത്. തുര്‍ക്കിഷ് കലാകാരന്‍ മെഹ്മത് ഒസ്‌കെ നിര്‍മ്മിച്ച ഫലകത്തില്‍ അല്ലാഹുവിനെ സ്തുതിക്കുന്ന വചനങ്ങളാണുള്ളത്.

യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലുള്‍പ്പെട്ടിരുന്ന ഹാഗിയ സോഫിയയെ മോസ്കാക്കി മാറ്റിയതിനു പിന്നാലെ നിരവധി നിയമാവലികള്‍ ഇതിനോടകം തുര്‍ക്കി സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ആഗസ്റ്റ് 29 ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശ പ്രകാരം ഹാഗിയ സോഫിയക്കുള്ളില്‍ പ്രവേശിക്കുന്ന സ്ത്രീകള്‍ തല മറയ്‌ക്കേണ്ടതുണ്ട്. ഒപ്പം ശരീര ഭാഗങ്ങള്‍ കാണുന്ന രീതിയില്‍ വസ്ത്രം ധരിക്കാനും പാടില്ല. ഈ നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിരിന്നു. ഇതിന്റെ ഭാഗമായി ക്രിസ്തീയ പ്രതീകങ്ങളും മറച്ചിരിന്നു.

1453 ല്‍ ഓട്ടോമന്‍ പടനായകര്‍ ഇപ്പോഴത്തെ ഇസ്താംബൂള്‍ കീഴടക്കുന്നതിനു മുമ്പ് ഹാഗിയ സോഫിയ ബൈസന്റൈന്‍ കാലഘട്ടത്തിലെ ക്രൈസ്തവ ആരാധനാലയമായിരുന്നു. പിന്നീട് ഓട്ടോമന്‍ കാലഘട്ടത്തില്‍ അധിനിവേശത്തെ തുടര്‍ന്നു ഇത് പിടിച്ചടക്കി മുസ്ലിം പള്ളിയാക്കി മാറ്റി. പിന്നീട് ആധുനിക തുര്‍ക്കി സ്ഥാപിതമായതിനു ശേഷം 1934 ലാണ് പള്ളി മ്യൂസിയമാക്കി മാറ്റിയത്.

എന്നാല്‍ ദേവാലയത്തെ മോസ്ക്കാക്കി മാറ്റാന്‍ എര്‍ദ്ദോഗന്‍ വീണ്ടും രംഗത്ത് വരികയായിരിന്നു. ഇക്കഴിഞ്ഞ ജൂലൈയിലാണ് ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയത്തെ മുസ്‌ലിം പള്ളിയാക്കി മാറ്റുന്നതായി എര്‍ദോഗാന്‍ പ്രഖ്യാപിച്ചത്. നൂറ്റാണ്ടുകളോളം ക്രിസ്തീയ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ മുസ്ലിം പള്ളിയാക്കിയതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന പ്രതിഷേധം ഇനിയും അടങ്ങാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ വീണ്ടും ഭരണകൂടം ഇസ്ലാമികവത്ക്കരണവുമായി സജീവമാകുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »