Seasonal Reflections - 2024

ജോസഫ് - പ്രാർത്ഥനയുടെ വഴികാട്ടി

ഫാ. ജയ്സൺ കുന്നേൽ/പ്രവാചകശബ്ദം 17-12-2020 - Thursday

വിശുദ്ധ ജോസഫ് വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും മനുഷ്യനായിരുന്നു. കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥമായ യൂക്യാറ്റിൽ 507 നമ്പറിൽ ഇപ്രകാരം വായിക്കുന്നു: "പ്രാർത്ഥന ഉപരിപ്ലവമായ വിജയം അന്വേഷിക്കുന്നില്ല. ദൈവഹിതത്തെയും അവിടുന്നുമായുള്ള ഉറ്റബന്ധത്തെയുമാണ് അന്വേഷിക്കുന്നത്. " ആന്തരികതയിൽ അർത്ഥം കണ്ടെത്തിയ ജോസഫിനു പ്രാർത്ഥന എന്നാൽ ദൈവവുമായി ഉറ്റബന്ധത്തിൽ വളരുക എന്നതായിരുന്നു.

രക്ഷാകര ചരിത്രത്തിൽ ഈ ഭൂമിയിൽ ഒരു പ്രധാന പങ്കുവഹിക്കാൻ ജോസഫിനെ യോഗ്യനാക്കിയതു ആഴമേറിയ ഈ പ്രാർത്ഥനാ അനുഭവമായിരുന്നു. "പ്രാർത്ഥിക്കുകയെന്നതിൻ്റെ അർത്ഥം സംസാരിക്കുന്നതിനെക്കാൾ ശ്രവിക്കുകയെന്നതാണ്. " എന്ന ഇറ്റാലിയൻ ആത്മീയ എഴുത്തുകാരനായ കാർളോ കരേറ്റൊയുടെ അഭിപ്രായം വി. യൗസേപ്പിൻ്റെ കാര്യത്തിൽ ശരിയാണ്. ആ ശ്രവണത്തിൽ നിർമ്മലമായ ഒരു ശ്രദ്ധയുണ്ടായിരുന്നു. അതിനാലാണ് ഉറക്കത്തിൽപ്പോലും ദൈവസ്വരം തിരിച്ചറിയാനും അതനുസരിച്ചു പ്രവർത്തിക്കാനും യൗസേപ്പിനു സാധിച്ചിരുന്നത്.

ദൈവമാതാവായ മറിയത്തിന്റെ ഭർത്താവും ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വളർത്തു പിതാവുമായ ജോസഫ് ദൈവത്തെ അബാ പിതാവേ എന്നു വിളിക്കാൻ ഈശോയെ പഠിപ്പിച്ചു. ദൈവവുമായുള്ള ഈശോയുടെ ബന്ധത്തിനു ഒരു മാനുഷികതലം വരുത്തി കൊടുത്തത് യൗസേപ്പ് പിതാവാണന്നു പറയാം. ഈശോയെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച യൗസേപ്പ് നമ്മളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്നു നമുക്കു പ്രാർത്ഥിക്കാം.

More Archives >>

Page 1 of 2