Seasonal Reflections - 2024
ജോസഫ് - ത്യാഗത്തിൻ്റെ ഐക്കൺ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ് / പ്രവാചകശബ്ദം 19-12-2020 - Saturday
വെറുതേ ജീവിച്ച് മൺമറഞ്ഞു പോയ ഒരു അപ്പനായിരുന്നില്ല ജോസഫ്. അനശ്വരമായ നിരവധി ഓർമ്മപ്പെടുത്തലുകൾ നൽകിയിട്ടാണ് ആ നല്ല അപ്പൻ കടന്നു പോയത്. ആ "അപ്പൻ പുസ്തക " ത്തിലെ ത്യാഗത്തിൻ്റെ പാഠമാണ് ഇന്നത്തെ ചിന്താവിഷയം. ജോസഫ് ത്യാഗത്തിൻ്റെ ഐക്കൺ ആയിരുന്നു. പ്രാർത്ഥിക്കുകയും വിശ്വസിക്കുകയും ചെയ്ത ഒരു നല്ല അപ്പൻ എന്ന നിലയിൽ തിരുകുടുംബത്തിനായി ത്യാഗങ്ങൾ ഏറ്റെടുക്കുവാൻ അദ്ദേഹം തെല്ലും വൈമനസ്യം കാട്ടിയില്ല.
ജോസഫിൻ്റെ ജീവിതം എന്നും മാധുര്യമുള്ള കാവ്യാമായിരുന്നില്ല. കല്ലുകളും മുള്ളുകളും മണലാരണ്യങ്ങളും നിറഞ്ഞ പാതകൾ ആ ജീവിതം തരണം ചെയ്തു.
ജീവിതത്തിന്റെ മാധുര്യമുള്ള ആഭിലാഷങ്ങൾ തകർന്നടിയുമ്പോൾ എല്ലായിടത്തും വൈരുധ്യങ്ങളുടെ കലഹങ്ങൾ പെരുമുറ മുഴക്കുമ്പോഴും വിശ്വസ്തതയുടെ ബലമുള്ള കോട്ടയായ വർത്തിച്ച ദൈവവിശ്വാസമായിരുന്നു ത്യാഗങ്ങൾ ഏറ്റെടുക്കാൻ ജോസഫിനു കരുത്തായത്.
ഭാര്യമാരോടും മക്കളോടും കുടുംബത്തോടുമുള്ള കടമകൾ നിറവേറ്റുന്നതിൽ പല പുരുഷന്മാരും വീഴ്ച വരുത്തുമ്പോൾ വി.യൗസേപ്പ് നമുക്കു തരുന്ന ത്യാഗ സമ്പന്നമായ മാതൃക ഏവർക്കും അനുകരണീയമാണ്. കുടുംബങ്ങൾക്കായി അവരുടെ ഇന്നുകളെ ബലികൊടുക്കുന്ന അപ്പന്മാരെല്ലാം ജോസഫിൻ്റെ അപരന്മാരാണ്.
കുടുംബ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികൾ അതിജീവിക്കാൻ ദുസഹമായ കാലാവസ്ഥകളിൽ ദൈവഹിതാനുസൃതം യാത്ര ചെയ്യാൻ ത്യാഗസന്നദ്ധത ആവശ്യമാണ്. ചിലപ്പോൾ കൊടിയ തണുപ്പും കാറ്റും അവഗണിച്ചു മൈലുകൾ അലയേണ്ടി വരും. പലായനം ഒരു കൂടെപ്പിറപ്പായി കുടെ കാണും. കാലിത്തൊഴുത്തേ ചിലപ്പോൾ അഭയം തരു. ബുദ്ധിമുട്ടുകളെ ധൈര്യപൂർച്ചം അഭിമുഖീകരിച്ച യൗസേപ്പുപിതാവ് ആധുനിക കാലത്തിലെ പുരുഷന്മാർക്കുള്ള ഉദാത്ത മാതൃകയാണ്. ആ നല്ല അപ്പനെ നമുക്കനുകരിക്കാം.