Arts - 2024

തിരുപ്പിറവി ആലേഖനം ചെയ്ത 14 നൂറ്റാണ്ട് പഴക്കമുള്ള പുരാവസ്തു ഇസ്രായേൽ മ്യൂസിയം പ്രദർശനത്തിനുവെച്ചു

പ്രവാചക ശബ്ദം 24-12-2020 - Thursday

വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മുന്നോടിയായി തിരുപ്പിറവി ആലേഖനം ചെയ്ത പുരാവസ്തു ഇസ്രായേൽ മ്യൂസിയം പ്രദർശനത്തിനുവെച്ചു. ബെത്‌ലഹേം യാത്രയുടെ സ്മരണാർത്ഥം നിർമിച്ച പുരാവസ്തുവിന് 1400 വർഷമെങ്കിലും പഴക്കമാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുളോജിയ ടോക്കൻസ് എന്ന പേരിലാണ് ഇങ്ങനെയുള്ള പുരാവസ്തുക്കൾ അറിയപ്പെടുന്നത്. പണ്ട് വിശുദ്ധനാട് സന്ദർശിക്കുന്നവരുടെ കയ്യിൽ യുളോജിയ ടോക്കൻസ് കാണപ്പെട്ടിരുന്നു. ആറാം നൂറ്റാണ്ടിലോ, ഏഴാം നൂറ്റാണ്ടിലോ ബത്ലഹേം സന്ദർശിച്ച ആരുടെയോ ടോക്കണാണ് തന്റെ കൈവശം ഉള്ളതെന്ന് ഇസ്രായേൽ മ്യൂസിയത്തിലെ ഗവേഷകയായ മൊറാഗ് വിൽഹം പറഞ്ഞു.

തിരുപ്പിറവിയുടെ ചിത്രം അതിൽ ഉള്ളതിനാലാണ് ഇത്തരത്തില്‍ ഒരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. നേരത്തെ മ്യൂസിയത്തിന് ഏതാനും വസ്തുക്കൾ സംഭാവനയായി ലഭിച്ചിരുന്നു. അവയിൽ നിന്നാണ് വിൽഹം ഈ അമൂല്യ വസ്തു കണ്ടെത്തിയത്. ഒരു കെട്ടിടത്തിന് ഉള്ളിൽ യേശുക്രിസ്തുവിനെയും, രണ്ടു മൃഗങ്ങളെയും കാണാമെന്നും, ഈ കെട്ടിടം തിരുപ്പിറവി ദേവാലയമാണെന്ന് തങ്ങൾ കരുതുന്നുവെന്നും അവര്‍ കൂട്ടിച്ചേർത്തു. അതിൽ ജോസഫിനെയും, കന്യകാമറിയത്തെയും ചിത്രീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തിരുപ്പിറവി ദേവാലയത്തിന്റെ താഴെയുള്ള ഗുഹയാണ് രൂപത്തിൽ കാണുന്നത്. ബൈബിളിൽ പറഞ്ഞിരിക്കുന്ന വിശുദ്ധ നാട്ടിലെ പ്രദേശങ്ങളിലേക്ക് 1700 വർഷങ്ങളായെങ്കിലും ക്രൈസ്തവ വിശ്വാസികൾക്ക് തീർത്ഥാടനം നടത്താറുണ്ടെന്നത് പുരാവസ്തുവിന്റെ ആധികാരികത വര്‍ദ്ധിപ്പിക്കുന്നു.

റോമിൽ നിന്നും വിശുദ്ധനാട്ടിലേക്ക് തീർത്ഥാടനം നടത്തിയ പൗള എന്നൊരു സ്ത്രീയുടെ കഥ, നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ജെറോം രേഖപ്പെടുത്തിയിട്ടുണ്ട്. യേശുക്രിസ്തുവിന്റെ മരണവും, പുനരുത്ഥാനവും, ആലേഖനം ചെയ്ത മറ്റ് ടോക്കനുകൾക്ക് ഒപ്പം തിരുപ്പിറവിയുടെ ടോക്കണും തീർത്ഥാടകർക്ക് ഇനി മ്യൂസിയത്തിൽ കാണാൻ സാധിക്കും. കൊറോണാ വൈറസ് പ്രതിസന്ധിമൂലം ഇസ്രായേൽ സന്ദർശിക്കുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും, അടുത്തവർഷം വീണ്ടും എണ്ണം വർദ്ധിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »