India - 2025
ജോസുകുട്ടി നടയ്ക്കപ്പാടത്തിന് സീറോമലബാര്‍ സഭാതാരം പുരസ്‌കാരം
പ്രവാചക ശബ്ദം 27-12-2020 - Sunday
ചങ്ങനാശേരി: മാടപ്പള്ളി മാമ്മൂട് സ്വദേശിയും ഷിക്കാഗോ രൂപതാംഗവുമായ ജോസുകുട്ടി നടയ്ക്കപ്പാടത്തിന് (പാലാക്കുന്നേല്‍) സീറോമലബാര്‍ സഭാതാരം പുരസ്‌കാരം. ജോസുകുട്ടിയുടെ മികച്ച സഭാസേവനങ്ങള്‍ പരിഗണിച്ചാണ് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുരസ്‌കാരം പ്രഖ്യാപിച്ചത്. ഷിക്കാഗോ മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ ഫോട്ടോഗ്രഫി വകുപ്പ് തലവനും അധ്യാപകനുമായിരുന്ന ജോസുകുട്ടി, യുഎസില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. ഷിക്കാഗോ സെന്റ് തോമസ് പള്ളിയില്‍ 24ന് നടന്ന ചടങ്ങില്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പുരസ്‌കാരം ജോസുകുട്ടി നടയ്ക്കപ്പാടത്തിനു സമ്മാനിച്ചു.
ഔദ്യോഗിക ജോലിക്കൊപ്പം മലയാളി കത്തോലിക്കരുടെ ആത്മീയവും മതപരവുമായ കാര്യങ്ങള്‍ക്കായി 1976ല്‍ ഷിക്കാഗോയില്‍ സ്ഥാപിതമായ കാത്തലിക് ഫെലോഷിപ്പിന്റെ ജനറല്‍ സെക്രട്ടറിയായാണ് ജോസുകുട്ടി സഭാസേവനം തുടങ്ങിയത്. ദീര്‍ഘകാലം മതബോധന ക്ലാസുകളുടെ ഡയറക്ടറായും നാഷണല്‍ കണ്‍വന്‍ഷനുകളുടെ കോഓര്‍ഡിനേറ്ററുമായിരുന്നു. ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് പാലാക്കുന്നേല്‍ കുടുംബത്തിലെ നടക്കപ്പാടം ശാഖയില്‍ പരേതരായ ശൗര്യാച്ചന്‍മാമ്മിക്കുട്ടി ദന്പതികളുടെ മകനാണ്. ഭാര്യ സോഫിയ ആലുവ കാരക്കാട് കുടുംബാംഗം. ജൂബി, ജോവിന്‍ എന്നിവരാണ് മക്കള്‍.