Life In Christ

ക്രിസ്തുമസ് പാതിരാകുര്‍ബാനയില്‍ പങ്കെടുത്ത് ക്രൈസ്തവര്‍ക്ക് നന്ദി പറഞ്ഞ് ഇറാഖി പ്രസിഡന്റ്

പ്രവാചക ശബ്ദം 27-12-2020 - Sunday

ബാഗ്ദാദ്: ഇറാഖിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിച്ച പാതിരാകുര്‍ബാനയില്‍ ആദ്യാവസാനം പങ്കുചേര്‍ന്ന് പ്രസിഡന്റ് ബര്‍ഹാം സാലി. ബാഗ്ദാദിലെ സെന്റ്‌ ജോസഫ് കത്തീഡ്രലില്‍ എത്തിയ അദ്ദേഹം പാതിരാ കുര്‍ബാനയില്‍ പങ്കെടുക്കുകയും പിന്നീട് സന്ദേശം നല്‍കുകയും ചെയ്തു. തന്റെ സന്ദേശത്തില്‍ ക്രൈസ്തവ സമൂഹം നല്‍കുന്ന പിന്തുണയ്ക്കു അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായ ഇറാഖിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ നീണ്ട ചരിത്രത്തെക്കുറിച്ചായിരിന്നു അദ്ദേഹത്തിന്റെ സന്ദേശം.

ഇറാഖി ക്രൈസ്തവര്‍ക്ക് നല്ല ജീവിതം ഉണ്ടാകുന്നതിനു മതതീവ്രവാദത്തിനെതിരേയും അഴിമതിക്കെതിരേയും പോരാടേണ്ടത് അത്യാവശ്യമാണെന്നും മതവിശ്വാസത്തിന് അതീതമായി ഇറാഖി ക്രിസ്ത്യാനികള്‍ക്ക് അടിച്ചമര്‍ത്തപ്പെടാതെ അന്തസ്സായി ജീവിക്കുവാന്‍ കഴിയണമെന്നും ബര്‍ഹാം സാലി പറഞ്ഞു. പലായനം ചെയ്ത ക്രൈസ്തവരെ ഇറാഖിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ നടത്തണം. ക്രൈസ്തവരുടെ മതപരവും, സാംസ്കാരികവുമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

ക്രിസ്തുമസ് ഔദ്യോഗിക അവധിയാക്കുന്ന ബില്‍ ഇറാഖി പാര്‍ലമെന്റ് പാസാക്കിയതിനെ കുറിച്ചും, അടുത്ത വര്‍ഷത്തെ ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെക്കുറിച്ചും ബര്‍ഹാം സാലി പരാമര്‍ശം നടത്തി. അടുത്ത വര്‍ഷത്തെ പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെ ശുഭ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും, ഇറാഖി ജനതയുടെ പേരില്‍ പാപ്പയെ ‘ഉര്‍’ പട്ടണത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. മതതീവ്രവാദം ജനങ്ങളുടെ സ്വാതന്ത്ര്യത്തേ ഹനിക്കുകയും രാഷ്ട്രത്തിന്റെ സല്‍പ്പേരിന് കളങ്കം വരുത്തുന്നുണ്ടെന്നും ഇറാഖി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ദൈവം ഇറാഖി ജനതയെ അനുഗ്രഹിക്കട്ടെ എന്ന ആശംസയോടൊപ്പം നല്ല ഒരു പുതുവത്സരവും നേര്‍ന്നുകൊണ്ടാണ് പ്രസിഡന്റ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »