News - 2024

വിശ്വാസത്തെ മുറുകെ പിടിച്ച് കൊണ്ട് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പാക്കിസ്ഥാനില്‍ ക്രൈസ്തവ നഴ്‌സുമാരുടെ പുതിയ സംഘടന

സ്വന്തം ലേഖകന്‍ 28-05-2016 - Saturday

ലാഹോര്‍: ലാഹോര്‍ രൂപത ക്രൈസ്തവരായ നഴ്‌സുമാര്‍ക്കും വേണ്ടി പ്രത്യേക സംഘടന രൂപീകരിച്ചു. വിശ്വാസത്തില്‍ ജീവിക്കുവാനും ജോലിയില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാനും വേണ്ട പരിശീലനം നഴ്‌സുമാര്‍ക്കു നല്‍കുക എന്നതാണു രൂപത ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ദാരുള്‍ കലാമില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് ഷായാണു പുതിയ സംഘടനയുടെ രൂപീകരണം പ്രഖ്യാപിച്ചത്. പാക്കിസ്ഥാനില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവരായ നഴ്‌സുമാര്‍ക്ക് നിരവധി പീഡനങ്ങള്‍ നേരിടേണ്ടി വരാറുണ്ട്.

"ആരും ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ സൂക്ഷിക്കണം. രാജ്യത്ത് സേവനമാകുന്ന ഈ ജോലി ചെയ്യുമ്പോള്‍ ശ്രദ്ധയോടെ വേണം തീരുമാനം കൈക്കൊള്ളുവാന്‍. ക്രൈസ്തവരെന്ന നമ്മുടെ അസ്ഥിത്വം മുറുകെ പിടിച്ചു വേണം നിങ്ങള്‍ ജോലി ചെയ്യുവാന്‍" ഫ്രാന്‍സിസ് ഷാ പിതാവ് പറഞ്ഞു. നേരത്തെ ജനറല്‍ നഴ്‌സിംഗ് മിഡ്‌വൈഫറി കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുവാന്‍ മുസ്ലീം മതഗ്രന്ഥമായ ഖുറാനില്‍ നിന്നും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. മതപരമായ കാര്യങ്ങള്‍ പ്രവേശനപരീക്ഷയില്‍ ചോദിക്കുമ്പോള്‍ മുസ്ലീം മതസ്ഥര്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കും. ക്രൈസ്തവരുടെ സാധ്യതയെ ഇത് പൂര്‍ണമായും തള്ളിക്കളയുന്നു.

പാക്കിസ്ഥാനില്‍ നഴ്‌സുമാരായി ജോലി ചെയ്യുന്ന ക്രൈസ്തവര്‍ക്കു വലിയ അവഗണനയാണ് നേരിടേണ്ടി വരുന്നത്. ജോലിയില്‍ തങ്ങള്‍ക്കു ശേഷം പ്രവേശനം ലഭിച്ചവര്‍ക്കു പോലും സ്ഥാനകയറ്റം ലഭിക്കുമ്പോള്‍ ക്രൈസ്തവര്‍ തഴയപ്പെടുകയാണ്. ജോലി സ്ഥലങ്ങളില്‍ വിവിധ പീഡനങ്ങള്‍ക്കും ക്രൈസതവരായ നഴ്‌സുമാര്‍ വിധേയരാകുന്നുണ്ട്. ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ഒരു ആനുകൂല്യങ്ങളും ക്രൈസ്തവര്‍ക്കു പാക്കിസ്ഥാനില്‍ ലഭിക്കാറില്ലയെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.

More Archives >>

Page 1 of 43