News - 2024

മുറിവുണക്കി ഒബാമയുടെ ഹിരോഷിമ സന്ദര്‍ശനം; ആണവായുധം ഉപേക്ഷിക്കണമെന്ന സഭയുടെ ആവശ്യത്തിന് വന്‍ പ്രസക്തി

സ്വന്തം ലേഖകന്‍ 28-05-2016 - Saturday

ഹിരോഷിമ: വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ മുന്‍ഗാമികള്‍ ചെയ്ത ഒരു വലിയ തെറ്റിന്റെ സ്മാരകത്തിന്റേയും സ്മരണകളുടേയും മുമ്പില്‍ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ ശിരസ്സ് നമിച്ചു. അണുബോംബ് വീണു തകര്‍ന്ന ഹിരോഷിമയിലേക്ക് ഒബാമ എത്തിയപ്പോള്‍ അദ്ദേഹത്തെ കാണുവാന്‍ ജീവിക്കുന്ന രക്തസാക്ഷിയായ ഷിഗിയാകി മോറിയും എത്തിയിരുന്നു. മനുഷ്യന്റെ വാശിയും പകയും വരുത്തിവച്ച ഒരു വലിയ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഷിഗിയാകി മോറി. അണുബോംബ് നാശം വിതച്ച നഗരത്തില്‍ നിന്നും ജീവിതത്തിന്റെ സന്തോഷത്തെ സഹനങ്ങളിലൂടെ തിരികെ പിടിച്ച വ്യക്തിയാണ് മോറി.

ഇതാദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് ഹിരോഷിമ സന്ദര്‍ശിക്കുന്നത്. 1945 ആഗസ്റ്റ് ആറാം തീയതിയാണ് യുഎസ് സൈന്യം അണുബോംബ് ഹിരോഷിമയില്‍ വര്‍ഷിച്ചത്. "71 വര്‍ഷങ്ങള്‍ക്കു മുമ്പ് ആകാശത്തു നിന്നും മരണം താഴേക്കു പതിച്ചു. ഒന്നരലക്ഷത്തില്‍ അധികം ആളുകള്‍ അന്ന് മരിച്ചു. പലരും മരിച്ചു ജീവിച്ചു. അന്ന് ഭയന്ന കുഞ്ഞുങ്ങളുടെ കരച്ചിലിന്റെ ശബ്ദം നാം ഇന്നും കേള്‍ക്കുന്നു" ഹിരോഷിമയില്‍ പണിത പീസ് മെമ്മോറിയല്‍ പാര്‍ക്കില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷം ഒബാമ പറഞ്ഞു. ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സോ ആബേയും ഒബാമയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

ആണവായുധങ്ങള്‍ ഇല്ലാത്ത ഒരു ലോകം വേണമെന്നതാണ് യുഎസ് പ്രസിഡന്റായ ഒബാമയുടെ ആഗ്രഹം. കത്തോലിക്ക സഭ ലോകരാഷ്ട്രങ്ങളോട് എപ്പോഴും ആവശ്യപ്പെടുന്ന ഒന്നാണ് ആണവായുധം ഉപേക്ഷിക്കുക എന്നത്. 1963-ല്‍ പോപ് ജോണ്‍ പതിമൂന്നാമന്‍ മാര്‍പാപ്പയായിരുന്നു ആദ്യമായി ഹിരോഷിമയില്‍ സന്ദര്‍ശനം നടത്തിയത്. മനുഷ്യര്‍ക്കു നീതിയും സമാധാനവും നല്‍കേണ്ടത് ലോകനേതാക്കന്‍മാരുടെ ഉത്തരവാദിത്വമാണെന്നും അതിനായി ആണവായുധങ്ങള്‍ നിര്‍വീര്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 1981 ഫെബ്രുവരിയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഹിരോഷിമ സന്ദര്‍ശിച്ചിരുന്നു.

കത്തോലിക്ക സഭയുടെ ഭാഗത്തു നിന്നും നിരന്തരം ഉയരുന്ന ഈ ആവശ്യത്തോട് ബരാക്ക് ഒബാമ ശുഭകരമായ പ്രതികരണം തന്നെയാണ് എല്ലായ്‌പ്പോഴും പ്രകടിപ്പിച്ചിട്ടുള്ളത്. ഒബാമയുടെ സന്ദര്‍ശനം ജപ്പാനിലെ ജനങ്ങളുടെ മനസിലേറ്റ മുറിവിന് വലിയ ആശ്വാസമാണ് നല്‍കുന്നത്.

More Archives >>

Page 1 of 43