Meditation. - May 2024

ഒത്തൊരുമയിലും സ്നേഹത്തിലും സഭ വര്‍ത്തിക്കുവാന്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധ അമ്മ

സ്വന്തം ലേഖകന്‍ 01-01-1970 - Thursday

"നിന്റെ മാതാപിതാക്കള്‍ സന്തുഷ്ടരാകട്ടെ, നിന്റെ പെറ്റമ്മ ആഹ്ലാദിക്കട്ടെ" (സുഭാഷിതങ്ങള്‍ 23:25).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 30

നമ്മുടെ കുടുംബങ്ങളില്‍ ഏതെങ്കിലും വിശേഷാവസരങ്ങളില്‍ അമ്മയ്ക്ക് ചുററും നാം ഒത്തുകൂടുമ്പോള്‍, എല്ലാ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും കാരുണ്യത്തിന്റേയും ഒത്തുതീര്‍പ്പിന്റേയും ഒത്തൊരുമയുടേയും മനോഭാവം കൂടുതലായി അനുഭവപ്പെടുമെന്നത് സത്യമല്ലേ? ഇങ്ങനെയുള്ള അവസരങ്ങളില്‍, അവസാന വാക്ക് അമ്മയ്ക്ക് വിട്ടുകൊടുക്കണമെന്നത് മക്കളെന്ന നിലയ്ക്കുള്ള അവരുടെ സ്‌നേഹത്തിന്റേയും കടമയാണ്. കുടുംബത്തിലുള്ള പരസ്പര സ്‌നേഹത്തിന്റേയും നല്ല തീരുമാനങ്ങളുടേയും ഈ വേളകളാണ് അമ്മയുടെ ഹൃദയത്തെ ആശ്വസിപ്പിക്കുന്നത്.

ഇത്തരത്തിലുള്ള ഒരു നിമിഷത്തിലാണ് നാം ഇപ്പോള്‍ എത്തിയിരിക്കുന്നത്. കാരുണ്യത്തിന്റെ കലവറയായ പരിശുദ്ധ അമ്മ അവളുടെ എല്ലാ മക്കളും, കര്‍ത്താവിന്റെ ശരീരമായ സഭയുടെ എല്ലാ അംഗങ്ങളും, കാരുണ്യത്തിലും ഒത്തുതീര്‍പ്പിലും ഒത്തൊരുമയിലും ജീവിക്കുവാനുള്ള അനുഗ്രഹം പരിശുദ്ധ അമ്മ ഒരിക്കലും പിന്‍വലിക്കുകയില്ല. ഒരു ജേഷ്ഠസഹോദരനെന്ന നിലയ്ക്ക്, നിങ്ങള്‍ എല്ലാവരുടേയും ഹൃദയവികാരവിചാരങ്ങള്‍ ശേഖരിച്ച് ''ഈശോയുടെ അമ്മ''യുടേയും നമ്മുടെ അമ്മയുടേതുമായ ''വിമലഹൃദയ'ത്തില്‍ അര്‍പ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും വേണ്ടി, ഞാന്‍ ചൊല്ലാന്‍ പോകുന്ന ഈ പ്രാര്‍ത്ഥന, നിശബ്ദമായി ചൊല്ലുവാന്‍ ഞാന്‍ നിങ്ങളെ എല്ലാവരേയും ക്ഷണിക്കുന്നു.

''മറിയമേ! തലമുറകള്‍ നിന്നെ വാഴ്ത്തപ്പെട്ടവള്‍ എന്ന് വിളിക്കുമെന്ന് നീ പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ പറഞ്ഞുവല്ലോ. മുടങ്ങിപ്പോകാതിരിക്കുവാന്‍ മുന്‍തലമുറകളുടെ ഗീതം ഞങ്ങള്‍ വീണ്ടും ഏറ്റെടുത്ത് ചൊല്ലുന്നു; മനുഷ്യവര്‍ഗ്ഗം ദൈവത്തിനര്‍പ്പിച്ച ഏറ്റവും മഹത്തായ ശോഭയുടെ ജീവന്‍ നിന്നിലാണെന്ന് ഞങ്ങള്‍ പുകഴ്ത്തിപ്പാടുകയും ചെയ്യുന്നു. മനുഷ്യസൃഷ്ടിയെ അതിന്റെ സമ്പൂര്‍ണ്ണതയില്‍, നീതിയിലും വിശുദ്ധിയിലും താരതമ്യമില്ലാത്ത സൗന്ദര്യത്തില്‍ പുനര്‍സൃഷ്ടിച്ചുവല്ലോ; ഈ സൗന്ദര്യത്തെ 'വിമലഹൃദയം' എന്നോ 'കൃപ നിറഞ്ഞവള്‍' എന്നോ ഞങ്ങള്‍ വിളിക്കട്ടെ".

"അമ്മേ, പരിശുദ്ധാത്മാവിന്റെ ഇടവിടാതെയുള്ള സഹായത്തിനു വേണ്ടിയും, സഭയില്‍ അവനെ സ്വീകരിക്കുവാനുള്ള താഴ്മയ്ക്ക് വേണ്ടിയും, സെഹിയോന്‍ മാളികയിലെ ശിഷ്യന്മാരേപ്പോലെ, നിന്റെ മാദ്ധ്യസ്ഥതയിലൂടെ ഞങ്ങള്‍ അപേക്ഷിക്കുന്നു; ദൈവസത്യം അന്വേഷിക്കുകയും, അതിനെ സേവിക്കുകയും, അതില്‍ ജീവിക്കുകയും ചെയ്യുന്നവര്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ ഇത് അപേക്ഷിക്കുന്നത്. ക്രിസ്തു എല്ലായ്‌പ്പോഴും ''ലോകത്തിന്റെ പ്രകാശ''മായിരിക്കട്ടെ! ലോകം ഞങ്ങളെ അവന്റെ ശിഷ്യന്മാരായി അംഗീകരിക്കട്ടെ! കാരണം, ഞങ്ങള്‍ അവന്റെ വചനത്തില്‍ നിലനില്‍ക്കുകയും, ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടൊത്ത് ഞങ്ങളെ നിറുത്തുന്ന സത്യം അറിയിക്കുകയും ചെയ്യുന്നു. ആമ്മേന്‍!"

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ബേലേം, 8.6.80).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »