News - 2025
ഇറാഖി ക്രൈസ്തവരില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുവകകള്‍ തിരിച്ചു നല്‍കുന്ന നടപടികള്‍ ആരംഭിച്ചു
പ്രവാചക ശബ്ദം 05-02-2021 - Friday
ബാഗ്ദാദ്: സമീപ വര്‍ഷങ്ങളില്‍ ഇറാഖി ക്രൈസ്തവരില്‍ നിന്നും മാന്‍ഡീന്‍മാരില്‍ നിന്നും അനധികൃതമായി പിടിച്ചടക്കപ്പെട്ട സ്വത്തുവകകള്‍ തിരികെ നല്‍കുന്നതിനുള്ള നടപടികള്‍ക്ക് ഇറാഖിലെ ഷിയാ നേതാവും, സദ്രിസ്റ്റ് പാര്‍ട്ടി തലവനുമായ മുഖ്താദ അല്‍ സദര്‍ ആരംഭം കുറിച്ചു. ഭൂമിയും, വീടുകളും ഉള്‍പ്പെടെ മുപ്പത്തിയെട്ടോളം സ്വത്തുവകകള്‍ അതിന്റെ ശരിയായ ഉടമകളായ ക്രൈസ്തവര്‍ക്ക് ഇതിനോടകം തന്നെ തിരികെ നല്‍കിക്കഴിഞ്ഞു. ഇറാഖി ക്രൈസ്തവരുടെയും, മാന്‍ഡീന്‍മാരുടേയും നിരവധി സ്വത്തുവകകള്‍ പ്രാദേശിക തീവ്രവാദി സംഘടനകളും, ഗുണ്ടാ സംഘങ്ങളും, സ്വാധീനമുള്ള കുടുംബങ്ങളും അന്യായായി കയ്യടക്കിവെച്ചിരിക്കുകയാണെന്നു മുഖ്താദ അല്‍ സദറിന്റെ പാര്‍ട്ടിയായ സദ്രിസ്റ്റ് പാര്‍ട്ടിയിലെ ഒരു സമുന്നത നേതാവായ അല്‍ സമീലി പ്രസ്താവിച്ചിരിന്നു.
2003-ലെ സദ്ദാം ഹുസൈന്‍ ഭരണകൂടത്തിന്റെ പതനത്തിനു കാരണമായ സൈനീക നടപടിക്ക് ശേഷമാണ് ക്രൈസ്തവരുടെ സ്വത്തുവകകള്‍ അന്യായമായി പിടിച്ചടക്കുന്ന പ്രവണത കൂടിയതെന്നും സമീലിയുടെ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്യായമായി പിടിച്ഛടക്കപ്പെട്ട ക്രൈസ്തവരുടെ സ്വത്തുവകകളെ കുറിച്ച് അന്വേഷിക്കുവാന്‍ ഈ വര്‍ഷം തുടക്കത്തിലാണ് മുഖ്താദ അല്‍ സദര്‍ ഒരു അഡ്ഹോക്ക് കമ്മിറ്റിയെ നിയമിക്കുന്നത്. ക്രൈസ്തവര്‍ക്ക് തങ്ങളുടെ സ്വത്തിന്റെ മേലുള്ള ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്നതിനായി ഈ വര്‍ഷം ആദ്യം തന്നെ ഇ-മെയില്‍ വിലാസം, വാട്സാപ്പ് നമ്പര്‍ ഉള്‍പ്പെടെ കമ്മിറ്റി അംഗങ്ങളുടെ പേരു വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
സമീപ വര്‍ഷങ്ങളില്‍ ഇറാഖില്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവരുടെ അന്യായമായി പിടിച്ചടക്കപ്പെട്ട സ്വത്തുവകകളും തിരിച്ചെടുത്ത് നല്‍കുവാനും പദ്ധതിയിട്ടിട്ടുണ്ട്. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ക്രിസ്ത്യാനികളുടെ സ്വത്തുവകകള്‍ മുസ്ലീങ്ങളും, തീവ്രവാദ, ഗുണ്ടാ സംഘങ്ങളും പിടിച്ചടക്കിയത്. ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശത്തോടെ ഇറാഖി ക്രൈസ്തവരുടെ സ്വത്തുവകകളുടെ മോഷണവും വ്യാപകമായി നടന്നിരിന്നു. ജീവന്‍ ഭയന്നുള്ള ക്രൈസ്തവരുടെ കൂട്ടപലായനത്തിന് ശേഷമാണ് ഭൂമി ചോദിച്ചുകൊണ്ട് ഉടമ തിരികെ വരില്ലെന്ന ധാരണയോടെ ക്രൈസ്തവരുടെ സ്വത്തുവകകള്‍ അന്യായമായി കയ്യടക്കുന്ന പ്രവണത ആരംഭിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക