News

പാപ്പയുടെ സന്ദര്‍ശനത്തിനായി പ്രാര്‍ത്ഥന നിറഞ്ഞ കാത്തിരിപ്പോടെ ഇറാഖിലെ പീഡിത ക്രൈസ്തവ സമൂഹം

പ്രവാചക ശബ്ദം 14-02-2021 - Sunday

ക്വാരഘോഷ്: അടുത്ത മാസം ഫ്രാൻസിസ് മാർപാപ്പ ഇറാഖിലേക്ക് നടത്താനിരിക്കുന്ന സന്ദർശനത്തിനായി പ്രാര്‍ത്ഥന നിറഞ്ഞ കാത്തിരിപ്പോടെ രാജ്യത്തെ ക്രൈസ്തവ സമൂഹം. മാർച്ച് അഞ്ചാം തീയതി മുതൽ എട്ടാം തീയതി വരെയാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശനത്തിനായി ഇറാഖില്‍ എത്തുന്നത്. തങ്ങൾക്ക് എന്തുമാത്രം സന്തോഷമുണ്ടെന്ന് വാക്കുകളിലൂടെ വ്യക്തമാക്കാൻ സാധിക്കില്ലെന്ന് ക്വാരഘോഷിലുളള സുറിയാനി കത്തോലിക്ക വൈദികനായ ഫാ. റോണി മോമേക്ക കാത്തലിക് ന്യൂസ് സർവീസ് എന്ന മാധ്യമത്തോട് പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ സന്ദർശനത്തിന് വേണ്ടി എത്തുന്നത് ഒരു അത്ഭുതം പോലെ ആളുകൾക്ക് തോന്നുന്നു. പേപ്പൽ സന്ദർശനത്തെ പറ്റി മാത്രമല്ല, എല്ലാം നഷ്ടപ്പെട്ട് വേദന അനുഭവിക്കുന്ന, എന്നാൽ വിശ്വാസം ഉപേക്ഷിക്കാത്ത ആളുകളെ പറ്റി മാർപാപ്പ ചിന്തിക്കുന്നുണ്ടല്ലോ എന്ന കാര്യത്തിലും ആളുകൾക്ക് സന്തോഷമുണ്ടെന്ന് ഫാ. റോണി മോമേക്ക കൂട്ടിച്ചേര്‍ത്തു.

ക്വാരഘോഷ് നഗരം പേപ്പൽ പതാകകളും, ബാനറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തീവ്രവാദികൾ നശിപ്പിച്ച വ്യാകുല മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ പെയിന്റിംഗ് ജോലിയും പുരോഗമിക്കുകയാണ്. 1930ൽ പണികഴിപ്പിച്ച ദേവാലയത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നാശം വിതച്ചിരിന്നു. ഈ ദേവാലയത്തിവെച്ചായിരിക്കും ഫ്രാൻസിസ് മാർപാപ്പ ത്രികാല പ്രാർത്ഥന നയിക്കുന്നത്. 2200 പേർക്ക് ഒരേ സമയം ഇരിക്കാൻ സാധിക്കും. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തകർത്ത മാതാവിന്റെ തിരുസ്വരൂപം മണി ഗോപുരത്തിനു മുകളിൽ ജനുവരി മാസം പുനസ്ഥാപിച്ചിരുന്നു. നാളെ ഫെബ്രുവരി പതിനഞ്ചാം തീയതി ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനങ്ങളെ പറ്റി ധ്യാനിക്കുവാന്‍ വൈദികരും, സന്യസ്തരും ആയിരത്തോളം യുവജനങ്ങളും ഒരുമിച്ചു കൂട്ടുന്നുണ്ട്. അതിനുശേഷം അവർ നഗരത്തിലൂടെ കത്തിച്ച മെഴുകുതിരികളും, ക്രൂശിതരൂപവുമായി ഗാനങ്ങൾ പാടി നീങ്ങും.

ഇസ്ലാമിക് സ്റ്റേറ്റ് കടുത്ത നാശം വിതച്ച രാജ്യമാണ് ഇറാഖ്. 2014ൽ സുറിയാനി ജനസംഖ്യയിലെ അമ്പതിനായിരത്തോളം ആളുകളെയാണ് ഒറ്റരാത്രികൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ് തുടച്ചുനീക്കിയത്. 2017ലാണ് പട്ടണം തീവ്രവാദികളുടെ കയ്യിൽ നിന്നും പിടിച്ചെടുക്കാൻ സാധിച്ചത്. കുർദിസ്ഥാനിൽ അഭയാർഥികളായി കഴിഞ്ഞിരുന്ന ക്വാരഘോഷ് സ്വദേശികളിൽ 27000 പേർ തിരികെ നാട്ടിലേക്ക് മടങ്ങി പുതിയ ഒരു ജീവിതം ആരംഭിച്ചു. നിരവധിപേർ കുർദിസ്ഥാനിൽ ഇപ്പോഴും കഴിയുന്നുണ്ട്. ഇതിനിടെ രാജ്യത്തു നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനേകര്‍ കുടിയേറിയിട്ടുണ്ട്.

ഫ്രാൻസിസ് മാർപാപ്പ ബാഗ്ദാദ് മാത്രമേ സന്ദർശിക്കാൻ സാധ്യതയുള്ളൂ എന്നാണ് തങ്ങൾ ചിന്തിച്ചിരുന്നതെന്ന് റോണി മോമേക്ക പറഞ്ഞു. എന്നാൽ മുറിവേറ്റ അജഗണത്തെ സന്ദർശിക്കാൻ പാപ്പ ഇറാഖിലെ ക്രൈസ്തവ വിശ്വാസികളുടെയും, സുറിയാനി കത്തോലിക്കാ വിശ്വാസികളുടെയും നാടായ ക്വാരഘോഷിലേക്ക് വരുന്നുവെന്ന് കേട്ടപ്പോൾ അഭിമാനം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2003-ൽ 15 ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികൾ ആണ് ഇറാഖിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ക്രൈസ്തവ ജനസംഖ്യ രണ്ടേകാല്‍ ലക്ഷമായി കുറഞ്ഞിരിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ നരഹത്യയും ക്രൈസ്തവ സമൂഹം നടത്തിയ കൂട്ടപലായനവുമാണ് ജനസംഖ്യ ഇത്രയധികം കുറയുന്നതിലേക്ക് നയിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »