News - 2024

രണ്ടാം വത്തിക്കാൻ കൗൺസിൽ ഓൺലൈൻ പഠനക്ലാസ്സുകൾ: മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും

പ്രവാചക ശബ്ദം 15-02-2021 - Monday

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളെക്കുറിച്ചുള്ള ഓൺലൈൻ പഠനക്ലാസ്സുകൾ ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. ഈ മാസം 20-ന് ആരംഭിക്കുന്ന ക്ലാസുകൾ, എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ ഇന്ത്യൻ സമയം വൈകുന്നേരം 6 മണിമുതൽ 7 മണിവരെയായിരിക്കും നടത്തപ്പെടുക.

പ്രമുഖ ഓൺലൈൻ ക്രിസ്ത്യൻ മാധ്യമമായ പ്രവാചകശബ്ദം ഒരുക്കുന്ന ഈ പഠനക്ലാസ്സുകൾ കത്തോലിക്കാ സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കും. ക്ലാസ്സുകളിൽ പങ്കെടുക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും സഹായകമായ വിധത്തിൽ zoom-ലൂടെയായിരിക്കും ക്ലാസുകൾ നടത്തപ്പെടുക. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളെക്കുറിച്ചുള്ള ഗൗരവമായ ഒരു പഠനമാണ് ഈ ക്ലാസ്സുകളിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിലെ മതപരമായ ഏറ്റവും വലിയ സംഭവമായിരുന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ. പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനു ശേഷമുള്ള കത്തോലിക്കാസഭയുടെ ചരിതത്തിലെതന്നെ ഏറ്റവും വലിയ സംഭവമായിരുന്നു ഇത്. 1962 ഒക്ടോബർ 11 മുതൽ 1965 ഡിസംബർ 8 വരെയാണ് ആധുനിക സഭയിലെ ഒരു പുതിയ പെന്തക്കുസ്താ പോലെ ഇരുപത്തിഒന്നാമത്തെ സാർവത്രിക സൂനഹദോസായ രണ്ടാം വത്തിക്കാൻ കൗൺസിൽ നടന്നത്.

സഭയിൽ വലിയ മാറ്റത്തിനും നവീകരണത്തിനും തുടക്കംകുറിച്ച കൗൺസിലിന്റെ ലക്ഷ്യം മിശിഹായിൽ നവചൈതന്യമുള്ള വിശ്വാസികളുടെ സമൂഹത്തിന്റെ രൂപവത്കരണമായിരുന്നു. തീർത്ഥാടക മനുഷ്യനെ സ്വർഗ്ഗോന്മുഖമായി ചരിക്കുന്നതിനു സഹായിക്കാൻ അവനെ മുഴുവനായി സ്പർശിക്കുന്ന സത്യങ്ങളാണ് ഇത് പഠിപ്പിക്കുന്നതെന്ന് കൗൺസിൽ വിളിച്ചുകൂട്ടിയ പരിശുദ്ധ പിതാവ് ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ പ്രസ്‌താവിച്ചു.

ആധുനിക കാലഘട്ടത്തിൽ സഭയുടെ ഏറ്റവും ശക്തമായ സ്വരവും സമഗ്രമായ പ്രബോധനവുമാണ് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖകൾ. എന്നാൽ ഈ പ്രമാണരേഖകൾ പലരും തെറ്റായ രീതിയിൽ അവതരിപ്പിക്കുന്നതായി ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ ആശങ്ക പ്രകടിപ്പിച്ചിരിന്നു. അതിനാൽ ഈ പ്രമാണരേഖകൾ തെറ്റുകൂടാതെ ആധികാരികമായി പഠിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

സഭയോട് ചേർന്ന് നമ്മുടെ സ്വന്തം ദൈവനിയോഗം എന്തെന്നു ബോധ്യപ്പെടുമ്പോൾ സഭയിൽ ആവശ്യമായ നവീകരണം ഉണ്ടാകും. അത് സഭയെ ലോകത്തിൽ കൂടുതൽ പ്രസക്തയാക്കും. ലോകത്തോട് രക്ഷാകരമായ ബന്ധം പുലർത്താൻ സഭ സജ്ജയാകും. ഇവയൊക്കെ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ലക്ഷ്യവും പ്രതീക്ഷയുമായിരുന്നു. ഇവ സാക്ഷാത്കരിക്കാൻ ഈ പഠന ക്ലാസുകൾ നമ്മെ സഹായിക്കും.

പഠനപരമ്പരയ്ക്കായുള്ള പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുകളിൽ നൽകിയിരിക്കുന്ന ഗ്രൂപ്പ് ഫുൾ ആയെങ്കിൽ മാത്രം ഉപയോഗിക്കാവുന്ന അടുത്ത ഗ്രൂപ്പ് ലിങ്ക്


Related Articles »