India - 2025
ജെസ്‌ന മരിയ: തിരോധാനത്തില്‍ അന്വേഷണം സിബിഐയ്ക്ക്
20-02-2021 - Saturday
കൊച്ചി: പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനിയും കാഞ്ഞിരപ്പള്ളി രൂപതാംഗവുമായ ജെസ്‌ന മരിയ ജയിംസിനെ കാണാതായ കേസില്‍ അന്വേഷണം സിബിഐക്കു കൈമാറി ഹൈക്കോടതി ഉത്തരവ്. ജെസ്നയെ കണ്ടെത്താന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ജെയ്സ് ജോണ്‍, കെഎസ്യു നേതാവായ കെ.എം. അഭിജിത്ത് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്നു സിബിഐ അറിയിച്ചു.
പോലീസിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചതില്‍നിന്നു ഗൗരവമേറിയതും സങ്കീര്‍ണവും അന്തര്‍സംസ്ഥാന ബന്ധവുമുള്ള കേസാണിതെന്നു മനസിലാകുന്നതായി സിബിഐക്കുവേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വിജയകുമാര്‍ വ്യക്തമാക്കി. അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെങ്കിലും ഉദ്യോഗസ്ഥരുടെ താമസം, യാത്ര തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നും അസി. സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. ഇതംഗീകരിച്ച കോടതി സിബിഐക്കു മതിയായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുണ്ട്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജെസ്നയെ 2018 മാര്‍ച്ച് 22നാണു വെച്ചൂച്ചിറ കുന്നത്തു വീട്ടില്‍നിന്നു കാണാതായത്. അടുത്ത മാസം 22നു ജെസ്ന തിരോധാനത്തിന്റെ മൂന്നാം വാർഷികമാണ്. ജെസ്ന എരുമേലി വരെ എത്തിയതിനു സാക്ഷികളുണ്ട്. അവസാനമായി കണ്ടത് ചാത്തൻതറ–കോട്ടയം റൂട്ടിൽ ഓടുന്ന തോംസൺ ബസിലാണ്. മുക്കൂട്ടുതറയിൽ നിന്നാണ് ജെസ്ന കയറിയത്. അവിടെ നിന്ന് 6 കിലോമീറ്റർ അകലെ എരുമേലി ബസ് സ്റ്റാൻഡിൽ ഇറങ്ങി. പിന്നീട് ജെസ്ന മുണ്ടക്കയം ബസിൽ കയറി പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കു പോയതായി പറയപ്പെടുന്നു.
ജെസ്നയുടെ തിരോധാനത്തില്‍ ഉന്നത അന്വേഷണം ആവശ്യപ്പെട്ടു കാസ ( ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ) അടക്കമുള്ള സംഘടനകളും സജീവമായി രംഗത്തുണ്ട്. തിരോധാനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ യുവമോര്‍ച്ച പ്രതിനിധി വഴി പരാതി കൈമാറിയിരിന്നു.