India - 2025
വിശുദ്ധ യൗസേപ്പിതാവ് സ്വന്തം താത്പര്യങ്ങള്‍ ത്യജിച്ച മാതൃകാപിതാവ്: മാര്‍ തോമസ് തറയില്‍
പ്രവാചക ശബ്ദം 20-02-2021 - Saturday
ചങ്ങനാശേരി: ദൈവഹിതത്തിനു വിധേയനായി ജീവിച്ച വിശുദ്ധ യൗസേപ്പിതാവ് സ്വന്തം താത്പര്യങ്ങള്‍ ത്യജിക്കുകയും ആഴത്തില്‍ അനുകമ്പ പുലര്‍ത്തുകയും ചെയ്ത മാതൃകാ പിതാവാണെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. പാറേല്‍പള്ളിയില്‍ നടക്കുന്ന 22ാമത് ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിവസമായ ഇന്നലെ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശുദ്ധ യൗസേപ്പിതാവ് പകര്‍ന്നതുപോലെ കുടുംബങ്ങളില്‍ പരിത്യാഗ പൂര്‍വമായ സ്‌നേഹം പകരണം. സ്‌നേഹത്തിന്റെ വലിയ അനുഭവമാണ് പിതൃത്വം. ദൈവഹിതം തേടാന്‍ ഓരോ അപ്പനും കഴിഞ്ഞെങ്കിലേ കുടുംബജീവിതം അര്‍ത്ഥ പൂര്‍ണമാകുകയുള്ളുവെന്നും മാര്‍ തറയില്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാത്തിനും ദൈവം ഒരു വഴികാട്ടുമെന്ന ആശ്രയബോധം നമുക്കുണ്ടാകണം. ദൈവഹിതത്തേക്കാളും സ്വന്തം കണക്കുകൂട്ടലുകള്‍ നടത്തുന്നതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കും തകര്‍ച്ചകള്‍ക്കും മാനസിക സംഘര്‍ഷങ്ങള്‍ക്കും കാരണം. ഭൗതിക നേട്ടങ്ങള്‍ മാത്രം നാം ലക്ഷ്യം വയ്ക്കാതെ ദൈവാശ്രയ ബോധമുള്ളവരായി അപ്പനും അമ്മയും മാറണമെന്നും കുടുംബങ്ങള്‍ നസ്രത്തിലെ കുടുംബത്തിന്റെ മാതൃകയാകണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു. ഫാ. ഗ്രിഗറി ഓണംകുളം റംശാപ്രാര്‍ത്ഥനയ്ക്കും ഫാ. ജെനി ഇരുപതില്‍ ആരാധനയ്ക്കും കാര്‍മികരായിരുന്നു. കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ ഇന്ന് വചന പ്രഘോഷണം നടത്തും.