News

ഈജിപ്ത്തില്‍ ക്രൈസ്തവ വൃദ്ധയെ നഗ്നയാക്കി അപമാനിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കും: ഫത്താ അല്‍ സിസി

സ്വന്തം ലേഖകന്‍ 31-05-2016 - Tuesday

കെയ്‌റോ: ഈജിപ്ത്തില്‍ ക്രൈസ്തവ വിശ്വാസിയായ എഴുപതുകാരി വൃദ്ധയെ അപമാനിച്ച സംഭവത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നു പ്രസിഡന്റ്. മിന്യാ പ്രവിശ്യയിലെ കാര്‍മ എന്ന ഗ്രാമത്തില്‍ മേയ് 20-നാണ് ഒരു കൂട്ടം മുസ്ലീം മതവിശ്വാസികള്‍ വൃദ്ധയെ പരസ്യമായി വസ്ത്രങ്ങള്‍ അഴിച്ച് നഗ്നയാക്കിയത്. വൃദ്ധയായ ഇവരുടെ മകന്‍ ഒരു മുസ്ലീം യുവതിയുമായി സ്‌നേഹത്തിലാണെന്ന നുണകഥയുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടന്നത്. അക്രമാസക്തരായ ജനകൂട്ടം വൃദ്ധയെ പരസ്യമായി നഗ്നയാക്കിയ ശേഷം പരിസരത്തുള്ള ഏഴു ക്രൈസ്തവ ഭവനങ്ങള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി അറിയിച്ചിരിക്കുന്നത്.

ഈജിപ്ത്തിലെ ആകെ ജനസഖ്യയുടെ പതിനഞ്ചു ശതമാനത്തില്‍ അധികവും ക്രൈസ്തവരാണ്. കൊപ്റ്റിക് സഭാ വിശ്വാസികളായ ക്രൈസ്തവരാണ് ഈജിപ്ത്തില്‍ അധികവും ഉള്ളത്. ഇവരുടെ ജനസഖ്യ തന്നെ പത്ത് ശതമാനത്തോളമാണ്. മുസ്ലീം ഭൂരിപക്ഷരാജ്യമായ ഈജിപ്ത്തില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ നിത്യസംഭവങ്ങളാണ്. ക്രൈസ്തവ വൃദ്ധയെ ആക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നു പറയുന്ന ഇപ്പോഴത്തെ പ്രസിഡന്റ് അല്‍-സിസി തന്നെ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്ത ഒരു സംഭവത്തിനു നേതൃത്വം നല്‍കിയിട്ടുണ്ട്. 2011 ഒക്ടോബറില്‍ നടന്ന 'മാസ്‌പെറോ കൂട്ടക്കൊലയില്‍' 28 ക്രൈസ്തവര്‍ വെടിയേറ്റു മരിച്ചിരുന്നു. തെക്കന്‍ ഈജിപ്ത്തില്‍ പള്ളികള്‍ പൊളിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചതിനാണ് ക്രൈസ്തവരായ പ്രതിഷേധക്കാരെ അന്നു കൊലപ്പെടുത്തിയത്.

പള്ളികള്‍ നിരന്തരമായി പൊളിക്കുന്നതില്‍ പ്രതിഷേധിക്കുവാന്‍ ക്രൈസ്തവര്‍ സമാധാനപരമായി റാലി നടത്തി. രാജ്യത്തെ ടെലിവിഷന്‍ ചാനലായ 'മാസ്‌പെറോയുടെ' ഓഫീസു മുന്നില്‍ കൂടി കടന്നു പോകുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരും സൈന്യവും പ്രതിഷേധക്കാര്‍ക്കു നേരെ നിറയൊഴിച്ചു. 28 ക്രൈസ്തവര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. 212 പേര്‍ക്ക് ആക്രമണങ്ങളില്‍ ഗുരതരമായി പരിക്കേറ്റു. ആക്രമണം നടത്തിയ സൈന്യത്തിനു നേതൃത്വം നല്‍കിയത് ഇപ്പോഴത്തെ പ്രസിഡന്റും, അന്നത്തെ സൈനീക മേധാവിയുമായിരുന്ന അല്‍ സിസിയായിരുന്നു. പീന്നീട് നടന്ന ഒരു പട്ടാള അട്ടിമറിയിലൂടെയാണ് അല്‍-സിസി രാജ്യത്തിന്റെ ഭരണം പിടിച്ചത്. മാസ്‌പെറോ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അല്‍-സിസി ഇനി നടപടികള്‍ ഒന്നും തന്നെ സ്വീകരിക്കുവാന്‍ സാധ്യതയില്ല. അന്നു മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും പൂര്‍ണമായും നീതി നിഷേധിക്കപ്പെട്ടു.

ഇത്തരം പ്രശ്‌നങ്ങളും നീതി നിഷേധവും നിലനില്‍ക്കുമ്പോള്‍ തന്നെ പ്രതീക്ഷയ്ക്കു വക നല്‍കുന്ന ചില തീരുമാനങ്ങള്‍ അല്‍-സിസി കൈക്കൊണ്ടിട്ടുമുണ്ട്. ദേശീയ അസംബ്ലിയിലേക്ക് കൂടുതല്‍ ക്രൈസ്തവരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2014-ല്‍ ഭരണഘടനയില്‍ നിയമഭേദഗതിയും കൂടുതല്‍ പള്ളികള്‍ പണിയുവാന്‍ അനുവദിക്കുന്ന നടപടികളും അല്‍-സിസി സ്വീകരിച്ചിരുന്നു. പള്ളികള്‍ പണിയുവാനുള്ള നിരോധനം എടുത്തുമാറ്റിയതിലൂടെ ദേവാലയങ്ങള്‍ കൂടുതല്‍ നിര്‍മ്മിക്കപെടുമെന്നാണു കരുതുന്നത്. ദൈവജനത്തിനു ഈജിപ്ത്ത് എല്ലാ കാലത്തും ക്ലേശകരമായ ജീവിതസാഹചര്യങ്ങളാണ് നല്‍കുന്നതെന്ന് ഈ സംഭവങ്ങള്‍ എല്ലാം സൂചിപ്പിക്കുന്നു.

More Archives >>

Page 1 of 44