India - 2024

അന്തര്‍ദേശീയ സുറിയാനി പണ്ഡിതന്‍ മല്‍പ്പാന്‍ ഗീവര്‍ഗീസ് ചേടിയത്ത് ഇനി ഓര്‍മ്മ

22-02-2021 - Monday

പത്തനംതിട്ട: അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധനായ സുറിയാനി പണ്ഡിതനും മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ സീനിയര്‍ വൈദികനും മല്പാനും പത്തനംതിട്ട രൂപതാംഗവുമായ റവ.ഡോ. ഗീവര്‍ഗീസ് ചേടിയത്ത് (76) വിടവാങ്ങി. അതിരുങ്കല്‍ ചേടിയത്ത് കുടുംബാംഗമാണ്. പത്തനംതിട്ട രൂപതയുടെ ചാന്‍സലര്‍, മൈനര്‍ സെമിനാരിയിലെ ആധ്യാത്മിക പിതാവ് എന്നീ നിലകളിലും ഓമല്ലൂര്‍ ആറ്റരികം സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളി വികാരിയുമായി പ്രവര്‍ത്തിക്കുകയായിരുന്നു.

വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലും (1979- 1993) തുടര്‍ന്ന് 1993 മുതല്‍ തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജര്‍ സെമിനാരിയിലും പ്രഫസറായിരുന്നു. സഭാപിതാക്കന്മാരെ സംബന്ധിച്ച് ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ള ചുരുക്കംപേരില്‍ ഒരാളായിരുന്ന അദ്ദേഹം നൂറിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

നിരവധി അന്തര്‍ദേശീയ അക്കാദമിക സമിതികളില്‍ അംഗമായിരുന്നു. വിയന്നായിലെ പ്രോഓറിയന്തേ ഫൗണ്ടേഷനില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കത്തോലിക്കമലങ്കര ഓര്‍ത്തഡോക്‌സ്, കത്തോലിക്കസിറിയന്‍ ഓര്‍ത്തഡോക്‌സ് അന്തര്‍ദ്ദേശിയ ദൈവശാസ്ത്ര കമ്മീഷനുകളില്‍ കത്തോലിക്കാ പ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരി തിരുവനന്തപുരം, വടവാതൂര്‍ സെമിനാരി എന്നിവിടങ്ങളിലായിരുന്നു വൈദികവിദ്യാഭ്യാസം. 1969 ഡിസംബര്‍ 20 നു വൈദികനായി. റോമിലെ അഗസ്റ്റീനിയാനും പാട്രിസ്റ്റിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഡോക്ടറേറ്റ് നേടി.

ചേടിയത്ത് പരേതരായ സി.ജി. ഡാനിയേല്സാളറാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ലീലാമ്മ, മത്തായി, തങ്കച്ചന്‍, തങ്കമ്മ, ഫാ.തോമസ് ചേടിയത്ത് ഒഐസി, സൂസമ്മ, സാംകുട്ടി. ഫാ.ദാനിയേല്‍ മണ്ണില്‍ ഒഐസി സഹോദരീപുത്രനാണ്.


Related Articles »