Life In Christ - 2025
യേശുവിനെ ത്യജിച്ച് ഇസ്ലാം സ്വീകരിക്കാന്‍ വിസമ്മതിച്ച ലീ ഷരീബു ബൊക്കോഹറാമിന്റെ പിടിയിലായിട്ട് മൂന്ന് വർഷം
പ്രവാചക ശബ്ദം 24-02-2021 - Wednesday
അബൂജ: യേശു ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിച്ചു ഇസ്ലാമിനെ പുല്‍കാനുള്ള സമ്മര്‍ദ്ധത്തെ വിശ്വാസത്തിന്റെ പടവാള്‍ കൊണ്ട് നേരിട്ട നൈജീരിയന്‍ പെണ്‍കുട്ടി ലീ ഷരീബു ബൊക്കോഹറാം തീവ്രവാദികളുടെ തടവിലായിട്ട് മൂന്ന് വർഷം. നൈജീരിയായിലെ യോബെ സംസ്ഥാനത്തു നിന്നും ബൊക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി തടങ്കലിലാക്കിയ എല്ലാ പെണ്‍കുട്ടികളും മോചിതരായെങ്കിലും ലീ ഷരീബു മാത്രമാണ് ഇപ്പോള്‍ തീവ്രവാദികളുടെ തടങ്കലില്‍ കഴിയുന്നത്. ക്രൈസ്തവ വിശ്വാസം ത്യജിക്കുവാനും ഇസ്ലാം മതം സ്വീകരിക്കുവാനുമുള്ള തീവ്രവാദികളുടെ നിര്‍ബന്ധത്തെ എതിര്‍ത്തതിന്റെ പേരിലാണ് ലീയ്ക്കു മോചനം നല്‍കാത്തതെന്ന് തിരികെയെത്തിയ പെൺകുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞിരിന്നു.
2018 ഫെബ്രുവരി 19നാണ് ഡാപ്പാച്ചിയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ് സയന്‍സ് ടെക്നിക്കല്‍ കോളേജില്‍ നിന്നും തീവ്രവാദികൾ 109 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്. 5 പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടു പോയ ദിവസം തന്നെ കൊല്ലപ്പെട്ടിരിന്നു. ശേഷിക്കുന്ന എല്ലാ പെൺകുട്ടികളെയും തീവ്രവാദികൾ തിരികെ അയച്ചെങ്കിലും, ലീയെ തടങ്കലില്‍വെയ്ക്കുകയായിരിന്നു. മറ്റുള്ളവര്‍ തീവ്രവാദികളുടെ സമ്മര്‍ദ്ധത്തിന് കീഴ് വഴങ്ങി അവരുടെ മതവിശ്വാസം ത്യജിച്ചപ്പോള്‍ യേശുവിലുള്ള വിശ്വാസം ത്യജിക്കാതെ അവിടുത്തെ ഏറ്റുപറഞ്ഞ ലീയുടെ നിലപാടാണ് തീവ്രവാദികളെ ചൊടിപ്പിച്ചത്. 14 വയസ് മാത്രം ഉണ്ടായിരുന്ന സമയത്ത് തട്ടിക്കൊണ്ടുപോകപെട്ട ലീക്ക് ഇന്ന് ലോകമെമ്പാടുമുള്ള ആളുകൾക്ക് സുപരിചിതയാണ്. തട്ടിക്കൊണ്ടുപോയതിന്റെ മൂന്നാം വാർഷിക ദിനമായിരുന്ന ഇക്കഴിഞ്ഞ ഫെബ്രുവരി 19നു ലീ ഷരിബുവിനെ വിവിധ സഭകളും, ക്രൈസ്തവ പ്രസ്ഥാനങ്ങളും സ്മരിച്ചു.
പെണ്‍കുട്ടിയെ മോചിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് നൈജീരിയൻ പ്രസിഡന്റ് തന്ന ഉറപ്പ് എന്തുകൊണ്ടാണ് പാലിക്കപ്പെടാത്തത് എന്നുള്ള ചോദ്യം വിവിധ ക്രൈസ്തവ സംഘടനകള്‍ ഉയര്‍ത്തി. ലീയ്ക്ക് സമാനമായി നിരവധി പെണ്‍കുട്ടികള്‍ ഇപ്പോള്‍ തടവില്‍ കഴിയുന്നുണ്ട്. 2014ൽ ചിബോക്കിലെ സ്കൂളിൽ നിന്നും 276 പെൺകുട്ടികളെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയതിൽ പകുതിയോളം പേരേ മാത്രമേ തിരിച്ച് അയച്ചിട്ടുള്ളൂ. സുരക്ഷാ ഏജൻസികളിലും, സംസ്ഥാന സർക്കാരിലുമുളള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണന്ന് യോബെ സംസ്ഥാനത്തെ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന ഫിലിബസ് യാക്കുബു പറഞ്ഞു. “മകള്‍ക്ക് വേണ്ടിയുള്ള നിങ്ങളുടെ പ്രാര്‍ത്ഥന അവസാനിപ്പിക്കല്ലേ” എന്ന യാചനയുമായി ആഗോള ക്രൈസ്തവ സമൂഹത്തിന്റെ പ്രാര്‍ത്ഥന തേടി ലീ ഷരീബുവിന്റെ അമ്മ റബേക്ക കഴിഞ്ഞ വര്‍ഷം രംഗത്തുവന്നിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക