News - 2025
ക്രിസ്തുവിനെ ത്യജിക്കാത്ത ലീ ഷരീബുവിന് ബൊക്കോഹറാം തടവറയില്‍ പതിനഞ്ചാം പിറന്നാള്‍
സ്വന്തം ലേഖകന്‍ 17-05-2018 - Thursday
അബൂജ: ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാത്തതിന്റെ പേരില്‍ ബൊക്കോഹറാം തീവ്രവാദികളുടെ തടവില്‍ കഴിയുന്ന നൈജീരിയന്‍ പെണ്‍കുട്ടി ലീ ഷരീബുവിന് പതിനഞ്ചാം ജന്മദിനം. യേശുവിനെ പ്രാണന് തുല്യം സ്നേഹിച്ച് തീവ്രവാദികള്‍ക്ക് മുന്നില്‍ വിശ്വാസം തള്ളികളയാത്ത ലീ ഷരീബുവിന് കഴിഞ്ഞ തിങ്കളാഴ്ച പതിനഞ്ച് വയസ്സ് തികഞ്ഞ വിവരം ‘പ്രീമിയം ടൈംസ്’ എന്ന നൈജീരിയന്‍ പത്രമാണ് പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞ 85 ദിവസമായി ലീ ഷരീബു തീവ്രവാദികളുടെ പിടിയിലാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ നൈജീരിയായിലെ യോബോ സ്റ്റേറ്റിലെ ഡാപ്പാച്ചിയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ് സയന്‍സ് ടെക്നിക്കല്‍ സ്കൂളില്‍ നിന്നും 110 സ്കൂള്‍ വിദ്യാര്‍ത്ഥികളെയാണ് ബൊക്കോഹറാം തട്ടിക്കൊണ്ടു പോയത്. തീവ്രവാദികളുടെ പിടിയിലായിരിന്ന വിദ്യാര്‍ത്ഥിനികളില്‍ ഷരീബു മാത്രമാണ് ഇനി മോചിപ്പിക്കപ്പെടുവാനുള്ളു.
ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചാല്‍ മോചിപ്പിക്കാമെന്ന തീവ്രവാദികളുടെ പ്രലോഭനത്തിനു വഴങ്ങാത്തതിനാലാണ് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ബൊക്കോഹറാം മോചിപ്പിക്കാത്തതെന്ന് ‘ദി കേബിള്‍’ അടക്കമുള്ള നൈജീരിയന്‍ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. തന്റെ മകൾ ജീവനോടെയുണ്ടെന്നും മതപരിവർത്തനം നടത്തിയാൽ മോചനം നടന്നേനെയും ക്രിസ്തുവിനെ തള്ളിപ്പറയാൻ അവൾ തയ്യാറാകാത്തതില്‍ അതിയായ സന്തോഷമുണ്ടെന്നും ശരിബുവിന്റെ പിതാവ് നഥാൻ പ്രതികരിച്ചു. ലീ ഷരീബുവിനും കുടുംബത്തിനും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ആംഗ്ലിക്കന്‍ സഭയുടെ കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബി നേരത്തെ രംഗത്തെത്തിയിരിന്നു.