News - 2024

'ക്രിസ്തുവിന്റെ ലീ ഷരീബു'വിന് ബൊക്കോഹറാം തടവറയില്‍ ഇന്ന് 16ാം പിറന്നാള്‍

സ്വന്തം ലേഖകന്‍ 14-05-2019 - Tuesday

അബൂജ: യേശു ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാത്തതിന്റെ പേരില്‍ ബൊക്കോഹറാം തീവ്രവാദികളുടെ തടവില്‍ കഴിയുന്ന നൈജീരിയന്‍ പെണ്‍കുട്ടി ലീ ഷരീബുവിന് ഇന്നു പതിനാറാം ജന്മദിനം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നൈജീരിയായിലെ യോബോ സ്റ്റേറ്റിലെ ഡാപ്പാച്ചിയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ്‌ സയന്‍സ് ടെക്നിക്കല്‍ കോളേജില്‍ നിന്നുമാണ് ബൊക്കോഹറാം തീവ്രവാദികള്‍ ലീ ഷരീബു അടക്കമുള്ള നൂറിലധികം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപ്പോയത്. എല്ലാവരെയും പിന്നീട് മോചിപ്പിച്ചെങ്കിലും ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിച്ചു ഇസ്ലാം മതം സ്വീകരിക്കാനുള്ള തീവ്രവാദികളുടെ നിര്‍ബന്ധത്തിന് വഴങ്ങാത്തതിനാല്‍ ലീ ഷരീബുവിനെ തടങ്കലിലാക്കുകയായിരിന്നു.

ജന്മദിനത്തോടനുബന്ധിച്ച് ലീ ഷരീബുവിന്റെ മോചനത്തിനായി യൂറോപ്പിലും അമേരിക്കയിലും, നൈജീരിയയിലും പ്രത്യേക ജാഗരണ പ്രാര്‍ത്ഥനകള്‍ നടക്കും. യുകെയിലെ പ്രാര്‍ത്ഥന ലണ്ടനിലെ നൈജീരിയന്‍ ഹൈകമ്മീഷന്റെ മുന്നിലായിരിക്കും നടക്കുക. യുകെ എം.പി ഡേവിഡ് ലിന്‍ഡന്‍ ലണ്ടനിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും.



ലീയുടെ മോചനം സാധ്യമാക്കുന്നതിനായി നൈജീരിയന്‍ സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് അഭ്യര്‍ത്ഥിട്ടിട്ടുണ്ട്. ലീ ഷരീബുവിന് വേണ്ടി നൈജീരിയയില്‍ നാഷ്ണല്‍ ക്രിസ്ത്യന്‍ സെന്റര്‍ ആന്‍ഡ്‌ യൂണിറ്റി ഫൗണ്ടന്‍ പാര്‍ക്കില്‍ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇവാഞ്ചലിക്കല്‍ സഭാ കേന്ദ്രങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷ നടക്കും.

നൈജീരിയന്‍ സര്‍ക്കാര്‍ തങ്ങളുടെ വാക്ക് പാലിക്കണമെന്നും, ലീയുടെ മോചനം സാധ്യമാക്കുന്നതിനായി ഉറച്ച തീരുമാനമെടുക്കണമെന്നും മതസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന യുകെ ആസ്ഥാനമായുള്ള സി.എസ്.ഡബ്ലിയു എന്ന സംഘടനയുടെ ചീഫ് എക്സിക്യുട്ടീവ്‌ മെര്‍വിന്‍ തോമസ്‌ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് “മകള്‍ക്ക് വേണ്ടിയുള്ള നിങ്ങളുടെ പ്രാര്‍ത്ഥന അവസാനിപ്പിക്കല്ലേ” എന്ന യാചനയുമായി ആഗോള ക്രൈസ്തവ സമൂഹത്തിന്റെ പ്രാര്‍ത്ഥന തേടി ലീ ഷരീബുവിന്റെ അമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിന്നു.


Related Articles »