News - 2025

രാഷ്ട്രം തകർന്നുകൊണ്ടിരിക്കുന്നു, നിലനിൽപ്പ് അപകടത്തില്‍: മുന്നറിയിപ്പുമായി നൈജീരിയന്‍ മെത്രാന്‍ സമിതി

പ്രവാചക ശബ്ദം 04-03-2021 - Thursday

അബൂജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ വംശീയ വിഭജനത്തിന്റെ വക്കിലാണെന്നും രാജ്യത്തിന്റെ നിലനിൽപ്പ് അപകടത്തിലാണെന്നുമുള്ള ഗൗരവമേറിയ മുന്നറിയിപ്പുമായി ദേശീയ മെത്രാന്‍ സമിതിയുടെ (സി.ബി.സി.എന്‍) പ്രസ്താവന പുറത്ത്. കൂട്ടത്തോടെയുള്ള തട്ടിക്കൊണ്ടുപോകല്‍, ഇസ്ളാമിക തീവ്രവാദികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, ബിയാഫ്ര മേഖലയിലെ വിഘടനവാദത്തിന്റെ വളര്‍ച്ച, വെള്ളത്തേയും ഭൂമിയേയും ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നൈജീരിയയുടെ നിലനില്‍പ്പ്‌ അപകടത്തിന്റെ വക്കിലാണെന്ന് നൈജീരിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ആഗസ്റ്റിന്‍ അകുബുസെയും സെക്രട്ടറി മോണ്‍. കാമിലസ് റെയ്മണ്ട് ഉമോയും സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഫെബ്രുവരി അവസാന വാരത്തില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ നൈജീരിയ നേരിട്ടുകൊണ്ടിരിക്കുന്ന തകര്‍ച്ചകളെക്കുറിച്ച് അക്കമിട്ട് നിരത്തിയിട്ടുണ്ട്. വംശീയ കലാപങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ജനങ്ങളോട് സ്വയം പ്രതിരോധിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഉന്നത അധികാരികളുടെ ആഹ്വാനം ആശങ്കകള്‍ക്ക് ആക്കം കൂട്ടുകയാണ്. വംശീയവാദികള്‍ യുദ്ധകാഹളം മുഴക്കുക മാത്രമല്ല മറ്റ് രാജ്യങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. വംശീയ അടിസ്ഥാനത്തിലുള്ള വിഭജനത്തിനു വേണ്ടി ചില കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുള്ള ആവശ്യങ്ങളെ നിസ്സാരമായി തള്ളിക്കളയുവാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും പ്രസ്താവനയിലുണ്ട്. നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരിയെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും സര്‍ക്കാരിന്റെ പരാജയമാണ് രാജ്യത്തിന്റെ ദുരവസ്ഥയുടെ പ്രധാന കാരണമായി മെത്രാന്മാര്‍ ചൂണ്ടിക്കാട്ടുന്നത്.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ജനാധിപത്യ രാജ്യം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘നൈജീരിയ പദ്ധതി’ക്കായി സ്വയം സമര്‍പ്പിക്കുവാനായി ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് മെത്രാന്‍ സമിതിയുടെ പ്രസ്താവന അവസാനിക്കുന്നത്. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ വംശഹത്യ നടക്കുന്ന രാജ്യമാണ് നൈജീരിയ. രാജ്യത്തിന്റെ തെക്ക് കിഴക്കന്‍ ഭാഗത്താണ് കത്തോലിക്കര്‍ തിങ്ങിപാര്‍ക്കുന്നതെങ്കിലും അതിരൂപതകളും, രൂപതകളുമായി രാജ്യം മുഴുവനും സഭക്ക് ശക്തമായ ശൃംഖലകള്‍ ഉള്ളതിനാല്‍ വിഷയം വരും ദിവസങ്ങളില്‍ ചര്‍ച്ചയായേക്കുമെന്നാണ് സൂചന.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 630