News - 2025

നൈജീരിയായിൽ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളുടെ മോചനത്തിനായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 01-03-2021 - Monday

റോം: വടക്കു പടിഞ്ഞാറൻ നൈജീരിയായിൽ ആയുധധാരികൾ മുന്നൂറിലധികം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവത്തെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കു ശേഷമുള്ള ആശീര്‍വ്വാദാനന്തരമാണ് വിഷയത്തെ കുറിച്ച് ഫ്രാന്‍സിസ് പാപ്പ പരാമര്‍ശിച്ചത്. നൈജീരിയയിലെ ജാംഗ്‌ബെ പട്ടണത്തിലെ വിദ്യാലയത്തിൽ നിന്ന് 317 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ ഭീരുത്വമാർന്ന സംഭവത്തെ ആ രാജ്യത്തെ മെത്രാന്മാരോടു ചേർന്ന് താൻ അപലപിക്കുന്നുവെന്നു പാപ്പ പറഞ്ഞു. പെൺകുട്ടികൾക്ക് എത്രയും വേഗം സ്വഭവനങ്ങളിലേക്ക് മടങ്ങാൻ കഴിയുന്നതിനുവേണ്ടി പ്രാർത്ഥിച്ച ഫ്രാന്‍സിസ് പാപ്പ അവരുടെ കുടുംബങ്ങളുടെ ഒപ്പം താനുമുണ്ടെന്ന് പറഞ്ഞു. തടങ്കലില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ക്ക് സംരക്ഷണമേകാൻ പരിശുദ്ധ കന്യകാമറിയത്തിൻറെ മാധ്യസ്ഥ്യം മാര്‍പാപ്പ യാചിച്ചു. തുടർന്ന് നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ഉരുവിട്ടു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് (26/02/21|) ജാംഗ്‌ബെ പട്ടണത്തിലെ സർക്കാർ ഗേൾസ് സെക്കൻഡറി സ്‌കൂളിൽ നിന്നു ആയുധധാരികള്‍ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയത്. ഇവര്‍ക്കായുള്ള തിരച്ചിൽ സുരക്ഷാസേന തുടരുകയാണ്. പെണ്‍കുട്ടികളുടെ മോചനത്തിനായി ലോകമെങ്ങും പ്രാര്‍ത്ഥന ഉയരുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കായുള്ള തെരച്ചിലിനിടെ വടക്കേ മധ്യ സംസ്ഥാനമായ നൈജറിൽ കഴിഞ്ഞയാഴ്ച സ്‌കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ 27 കൌമാരക്കാരായ ആൺകുട്ടികളെ തോക്കുധാരികൾ വിട്ടയച്ചിരിന്നു.

നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ജന്മദേശമായ കറ്റ്സിനയ്ക്കു സമീപം കൻകരയിലെ സ്കൂളിൽ നിന്ന് 300 വിദ്യാർത്ഥികളെ കഴിഞ്ഞ ഡിസംബർ 11ന് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. 2017ൽ ബോക്കോഹറാം തീവ്രവാദികൾ ചിബോക്കിലെ സ്‌കൂളിൽനിന്ന് 276 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. പിറ്റേവര്‍ഷം 110 പെൺകുട്ടികളെയാണ് ബോക്കോഹറാം തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടികളെയും വൈദികരെയും തടങ്കലിലാക്കുന്ന തീവ്രവാദി മാഫിയകള്‍ രാജ്യത്തു വലിയ രീതിയില്‍ പിടിമുറുക്കിയിരിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »