News - 2025
ഖർജിയ ബക്തേർ: പാപ്പയുടെ ചരിത്ര സന്ദര്‍ശനത്തില്‍ ഉത്തരീയം തുന്നിച്ചേർത്ത ഇറാഖി വനിത
ഫാ. ക്ലീറ്റസ് കാരക്കാട്ട്/ പ്രവാചകശബ്ദം 06-03-2021 - Saturday
ജിഹാദി മുസ്ലിം തീവ്രവാദികൾ അഴിച്ചുവിട്ട ക്രൈസ്തവ പീഡനത്തിന്റെ ഓർമ്മകൾ ആ മനസ്സിൽ ഇപ്പോഴും ഭയമുളവാക്കുന്നുണ്ട്. എങ്കിലും സമാധാനത്തിന്റെയും ആശ്വാസത്തിന്റേയും കരുതലിന്റെയും ദൂതുമായി ഫ്രാൻസിസ് പാപ്പ ഇറാഖിലെത്തുന്നതിന്റെ ആഹ്ലാദം വർണ്ണനൂലുകളിൽ ഇഴചേർക്കുകയായിരുന്നു ക്വാരഖോഷ് നഗരത്തിലെ ഈ വൃദ്ധയായ സ്ത്രീ. വാർദ്ധക്യത്തിന്റെ വിഷമതകൾ അലട്ടുന്ന കൈവിരലുകൾക്ക് ഒട്ടും വിശ്രമം കൊടുക്കാതെ ഖർജിയ ബക്തേർ രണ്ടുമാസമായി ഉത്തരീയങ്ങൾ തുന്നുകയായിരുന്നു. ലോകചരിത്രത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യുന്ന ഫ്രാൻസിസ് പാപ്പയുടെ ഇറാഖ് സന്ദർശനത്തിന്റെ വേളയിൽ തങ്ങളുടെ നഗരം സന്ദർശിക്കുമ്പോൾ സമ്മാനിക്കുവാനാണ് പരമ്പരാഗത തുന്നൽ രീതിയിലൂടെ തുന്നിയെടുത്ത ഉത്തരീയങ്ങൾ.
2014-ൽ ജിഹാദി മുസ്ലിം തീവ്രവാദികളുടെ മനസാക്ഷിയില്ലാത്ത ക്രൂരതകൾക്ക് ഇരയാകേണ്ടിവന്ന ഒരു നഗരമായിരുന്നു ദക്ഷിണ ഇറാഖിലുള്ള ക്വാരഖോഷ് നഗരം. ഈ നഗരത്തിലെ ഒരു പരമ്പരാഗത തുന്നൽപ്പണിക്കാരിയാണ് കത്തോലിക്കാ വിശ്വാസിയായ ഖർജിയ ബക്‌തേർ. അൽ താഹിറ ദേവാലയത്തിലെ വികാരിയായ യാക്കോ അമ്മാറിന്റെ നിർദ്ദേശപ്രകാരമാണ് പോപ്പിനു സമ്മാനിക്കുവാൻ ഖർജിയാ ബക്തേർ ഉത്തരീയങ്ങൾ തുന്നിയെടുത്ത് ലോകശ്രദ്ധനേടിയത്.
ഇറാഖിലെ തനതായ പാരമ്പര്യശൈലിയിൽ കറുപ്പും ചുവപ്പും നിറങ്ങളിലുള്ള പ്രത്യേകതരം ഫാബ്രിക്കിലാണ് ഉത്തരീയങ്ങൾ തുന്നിയത്. പൂർണ്ണമായും കൈതുന്നലിലൂടെ തുന്നിയെടുത്ത ഉത്തരീയത്തിൽ വർണ്ണനൂലുകൾ കോർത്ത് എംബ്രോയിഡറി വർക്കും ചെയ്തിട്ടുണ്ട്.ഉത്തരീയത്തിന്റെ ഒരുവശത്ത് സിറിയക്ക് ഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവെ എന്ന പ്രാർത്ഥനയും, മറുവശത്ത് നന്മനിറഞ്ഞ മറിയമെ എന്ന പ്രാർത്ഥനയുമാണ് ഉത്തരീയത്തിൽ തുന്നി ചേർത്തിരിക്കുന്നത്.
കൂടാതെ ഐസിസ് ജിഹാദി തീവ്രവാദികൾ നശിപ്പിച്ച അൽ താഹിറ ദേവാലയത്തിലെ കുരിശ്, ദിവ്യകാരുണ്യത്തിന്റെ പ്രതീകം, സിറിയയുടെ പ്രതീകം തുടങ്ങിയവയെല്ലാം പ്രാർത്ഥനാപൂർവ്വം മനോഹരമായി ഇഴചേർന്നതാണ് ഫ്രാൻസിസ് പാപ്പയ്ക്ക് സമ്മാനമായി കിട്ടിയ ഉത്തരീയങ്ങൾ. ഗൊരീജാ കാപോ എന്ന മറ്റൊരു വനിതയാണ് എംബ്രോയിഡറി തുന്നലുകൾക്ക് ഖയാ ബക്തേറിനെ സഹായിച്ചത്. 2014 ലെ ഐസിസ് ക്രൂരതയെ ഭയന്ന് നഗരം വിട്ട് ഓടിപ്പോയതാണ് ഗൊരീജോ കാപോ. പിന്നീട് സ്ഥിതി ശാന്തമായപ്പോൾ തന്റെ ഇടവകയിൽ വന്ന് സമൂഹനിർമ്മിതിയിൽ പങ്കാളിയാകുന്ന ഗൊരീജോ കാപോയുടെ മകൻ സിറിയയിലെ കത്തോലിക്ക സഭയിലെ വൈദീകനാണ്.!
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക