News - 2024

കോവിഡ് നിയന്ത്രണം: ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടം തുടര്‍ന്ന് ആഗോളസഭ

പ്രവാചക ശബ്ദം 14-03-2021 - Sunday

റോം: കോവിഡ് ഭീതി മൂലം പലരാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കിയപ്പോൾ പ്രതീക്ഷയുടെ കിരണവുമായി കത്തോലിക്കാസഭ. ആഗോളതലത്തിൽ കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ക്കു ഭരണകൂടം ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ദേവാലയങ്ങളില്‍ ആരാധന സ്വാതന്ത്ര്യത്തെ തടയുന്ന നടപടിയ്ക്കെതിരെ സഭ പ്രതിഷേധ സ്വരമുയര്‍ത്തുന്നുണ്ട്. വൈറസിൽ നിന്നും മനുഷ്യജീവനെ സംരക്ഷിക്കാൻ വേണ്ടി ശ്രമിക്കുമ്പോഴും, ഭൗതിക ആരോഗ്യത്തെക്കാൾ ആത്മീയ ആവശ്യങ്ങൾക്ക് പ്രാധാന്യം കുറവാണെന്ന് നമുക്ക് ചിന്തിക്കാൻ സാധിക്കില്ലെന്ന് വത്തിക്കാനുമായി നയതന്ത്രബന്ധമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടിയിരുന്നു.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ റസ്റ്റോറന്റുകളിലും, ബാറുകളിലും ആളുകൾക്ക് ഒരുമിച്ച് കൂടാനുള്ള എണ്ണത്തിന് അനുസൃതമായി ദേവാലയങ്ങളിലും ആരാധനാസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സഭാ നേതാക്കൾ സർക്കാരിൽ സമ്മർദ്ധം ചെലുത്തി വരികയാണ്. നവംബർ മാസം കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചതിന് ശേഷം വിവിധ രാജ്യങ്ങളില്‍ ആരാധനാസ്വാതന്ത്ര്യം സർക്കാർ വിലക്കിയിരിക്കുകയാണ്. മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധി വിശ്വാസികളുടെ മാനസിക, ആത്മീയ ആരോഗ്യത്തെ നിയന്ത്രണങ്ങൾ ബാധിച്ചുവെന്നതില്‍ തനിക്ക് ഉറപ്പുണ്ടെന്ന് ഫെബ്രുവരി 23നു വിശ്വാസികൾക്ക് എഴുതിയ കത്തിൽ വാൻകൂവർ ആർച്ച് ബിഷപ്പ് മൈക്കിൾ മില്ലർ വിശദീകരിച്ചിരുന്നു.

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് സഭ നടപ്പിലാക്കിയിരിക്കുന്നത്. ആശുപത്രിയിൽ കഴിയുന്നവർക്ക് ആത്മീയ സേവനം നൽകാൻ വൈദികരുടെ ടീമിനെ നിരവധി രൂപതകൾ സജ്ജമാക്കിയിട്ടുണ്ട്. അതേസമയം നിയന്ത്രണങ്ങളോട് വലിയ എതിർപ്പില്ലാതെയാണ് ലാറ്റിനമേരിക്കൻ സഭാനേതൃത്വം പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. യൂറോപ്പിലെ പല രാജ്യങ്ങളിലും ഇപ്പോഴും കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. ഏപ്രിലിൽ ഒരുമിച്ചു കൂടാൻ സാധിക്കുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ മയപെടുത്തണമെന്ന് സ്കോട്ടിഷ് മെത്രാന്മാർ സർക്കാരിനോട് ആവശ്യപ്പെട്ടിരിന്നു. ആരാധന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സ്പെയിനിൽ വനിതാ ദിനത്തിൽ തെരുവിൽ പ്രകടനങ്ങൾ അനുവദിച്ചത് മറ്റൊരു വിവാദമായ സംഭവമായിരുന്നു. ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം നിലനില്‍ക്കേ തന്നെയാണ് തെരുവ് പ്രകടനത്തിന് ഭരണകൂടം അനുമതി നല്‍കിയത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »