News - 2025
ഫ്രാന്‍സിലും ബെല്‍ജിയത്തിലും കത്തോലിക്കര്‍ക്കു നേരെയുള്ള ആക്രമണം പതിവാകുന്നു
സ്വന്തം ലേഖകന്‍ 03-06-2016 - Friday
പാരീസ്: ഫ്രാന്‍സിലും ബെല്‍ജിയത്തിലും കത്തോലിക്ക പള്ളികള്‍ക്കും പുരോഹിതര്‍ക്കും നേരെ ഐഎസ് തീവ്രവാദികളുടെ ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആക്രമണം കൂടുതല്‍ ശക്തി പ്രാപിച്ച നിലയില്‍ തുടരുകയാണ്. ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുകയും തീവയ്ക്കുകയും പുരോഹിതരെ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇരു രാജ്യങ്ങളിലും പതിവായിരിക്കുകയാണ്. ഇതിനോടകം കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട നൂറില്‍ അധികം വെബ്‌സൈറ്റുകള്‍ ടുണേഷ്യയില്‍ നിന്നുള്ള തീവ്രവാദി സംഘം ഹാക്കു ചെയ്തു നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്. ദേവാലയങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ വസ്തുക്കള്‍ തീവ്രവാദികള്‍ നശിപ്പിച്ചതായും ഇഡബ്ല്യുടിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ പാരീസില്‍ നിന്നും 800 കിലോമീറ്റര്‍ തെക്കുമാറി സ്ഥിതി ചെയ്യുന്ന സെന്റ് മഡ്‌ലീനി ഡീ-ലീ ദേവാലയത്തിന്റെ അള്‍ത്താര അക്രമികള്‍ തീവച്ചു നശിപ്പിച്ചിരുന്നു. ഇതേ മേഖലയില്‍ തന്നെ സ്ഥിതി ചെയ്യുന്ന മറ്റൊരു കത്തോലിക്ക ദേവാലയത്തിനു നേരെ മേയ്-15ന് ആക്രമണം നടന്നിരുന്നു. ദേവാലയം അഗ്നിക്കിരയാക്കിയതിനെ കുറിച്ചു വൈദികനായ ബിനോള്‍ട്ട് ഡെലാബ്രേ ഫ്രഞ്ച് മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്, "ദേവാലയത്തിന്റെ അള്‍ത്താര മാര്‍ബിള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അഗ്നി മൂലം ദേവാലയത്തിനു വലിയ നാശം സംഭവിക്കാതിരുന്നത് ഇതിനാലാണ്. ദേവാലയം നിര്‍മ്മിച്ചത് തടികൊണ്ടായിരുന്നെങ്കില്‍ അപകടം എത്രയോ മടങ്ങ് ഭീകരമായേനെ". കഴിഞ്ഞ ഞായറാഴ്ച ഫാദര്‍ ബിനോള്‍ട്ടിന് നേരെ തീവ്രവാദികളുടെ ആക്രമണം നടന്നിരിന്നു.
"വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ വളരെ ഗൗരവമുള്ളതാണ്. കത്തോലിക്ക വിശ്വാസത്തെ ബഹുമാനിക്കുവാന്‍ എല്ലാവരും തയാറാകണം. മറ്റു മതവിശ്വാസികള്‍ക്കു ലഭിക്കുന്ന അതേ ബഹുമാനവും സ്വാതന്ത്ര്യവും കത്തോലിക്ക സഭയും അവകാശപ്പെടുന്നു. പൊതുസമൂഹത്തിനു ദോഷം വരുന്ന ഒരു നടപടികളും വിശ്വാസികള്‍ ചെയ്യുന്നില്ല" ഫാദര്‍ ബിനോള്‍ട്ട് ഡെലാബ്രേ പറയുന്നു.
പതിനാറാം നൂറ്റാണ്ടില്‍ പണിത ദേവാലയത്തിനു നേരെയാണ് ബെല്‍ജിയത്തില്‍ ആക്രമണം ഉണ്ടായത്. ദേവാലയത്തിന്റെ അള്‍ത്താരയ്ക്കു പിന്നിലായി സ്ഥിതി ചെയ്യുന്ന സങ്കീര്‍ത്തിയിലാണ് അക്രമികള്‍ ആദ്യം അഗ്നിക്കിരയാക്കിയത്. തീ അണയ്ക്കുവാന്‍ ശ്രമിക്കുന്നതിനിടെ ദേവാലയത്തിന്റെ മേല്‍ക്കൂരയ്ക്കും അക്രമികള്‍ തീയിട്ടു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ദേവാലയങ്ങള്‍ക്കും വൈദികര്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ മൂലം വിശ്വാസികള്‍ ഭീതിയിലാണ്.