News - 2024

ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്ന് റെയില്‍വേ സൂപ്രണ്ട്

പ്രവാചക ശബ്ദം 24-03-2021 - Wednesday

ഝാൻസി: ഉത്തര്‍പ്രദേശിലെ ഝാൻസിയിൽ ട്രെയിനില്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് ബി‌ജെ‌പിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപി പ്രവര്‍ത്തകരാണെന്ന് റെയില്‍വേ സൂപ്രണ്ട് . മലയാളി ഉൾപ്പെടെയുള്ള കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് റെയില്‍വേ സൂപ്രണ്ട് ഖാന്‍ മണ്‍സൂരി മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തല്‍ നടത്തിയത്. ഋഷികേശിലെ സ്റ്റഡിക്യാംപ് കഴിഞ്ഞ് മടങ്ങിയ എബിവിപി പ്രവര്‍ത്തകരാണ് അധിക്ഷേപത്തിന് പിന്നിലെന്നും കന്യാസ്ത്രീകള്‍ക്ക് എതിരെ ഇവര്‍ ഉന്നയിച്ച മതപരിവര്‍ത്തനമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും റെയില്‍വേ സൂപ്രണ്ട് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ഝാൻസിയിൽവെച്ചാണ് മതമാറ്റ ശ്രമം ആരോപിച്ച് തിരുഹൃദയ സഭയിലെ നാല് കന്യാസ്ത്രീകൾക്ക് നേരെ അതിക്രമം നടന്നത്. സന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശികളായ രണ്ടു പേരെ വീട്ടിലെത്തിക്കാനുള്ള യാത്രയ്ക്കിടെയാണ് കയ്യേറ്റശ്രമം നടന്നതെന്നാണ് കന്യാസ്ത്രീകള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളായതിനാല്‍ ഒപ്പമുള്ള രണ്ടുപേര്‍ സഭാ വസ്ത്രം ധരിച്ചിരുന്നില്ല. ഇവരെ മതം മാറ്റാൻ കൊണ്ടുപോകുകയാണ് എന്നാരോപിച്ചായിരുന്നു ആക്രമണം. സന്യാസിനികള്‍ക്ക് നേരെ ആക്രമണം നടത്തിയത് ബജ്റംങ്ങദള്‍ പ്രവര്‍ത്തകരാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു. ഇത് നിഷേധിച്ചാണ് റെയില്‍വേ സൂപ്രണ്ട് രംഗത്തെത്തിയത്.


Related Articles »