Seasonal Reflections - 2024

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം- വിശുദ്ധ അൽഫോൻസാമ്മ

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 26-03-2021 - Friday

"മനസറിവോടെ ഒരു നിസാര പാപം പോലും ചെയ്തു നല്ല ദൈവത്തെ ഉപദ്രവിക്കുന്നെതിനേക്കാൾ മരിക്കുന്നതാണ് എന്നിക്കിഷ്ടം". - വിശുദ്ധ അൽഫോൻസാമ്മ (1910 – 1946 ).

ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ആദ്യവനിതയായ‌ വിശുദ്ധ അൽഫോൻസാമ്മയാണ് നോമ്പിലെ ഇന്നത്തെ നമ്മുടെ വഴികാട്ടി. 1910 ഓഗസ്റ്റ് 19ന് കോട്ടയം ജില്ലയിലെ കുടമാളൂരില്‍ മുട്ടത്തുപാടത്ത് ജോസഫിന്‍റെയും മേരിയുടെയും മകളായി അന്നക്കുട്ടിയെന്ന അൽഫോൻസാ ജനിച്ചു. മുതിർന്നപ്പോൾ കാര്യമായ വിവാഹോലോചനകൾ അന്നക്കുട്ടിക്ക് വന്നുവെങ്കിലും സന്യസ ജീവിതം നയിക്കുവാനായിരുന്നു അവളുടെ തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ അന്നക്കുട്ടിയുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കാതിരുന്ന വല്യമ്മയും കുടുംബവും കാര്യമായ രീതിയിൽ തന്നെ ആലോചനകൾ മുന്നോട്ട് കൊണ്ടു പോയി. എന്നാൽ തന്‍റെ സൗന്ദര്യമാണ് തന്റെ ശാപമെന്ന് മനസ്സിലാക്കിയ അന്നക്കുട്ടി നെല്ലിന്റെ ഉമി കത്തിക്കുന്ന കൂനയിൽ ബോധപൂർവ്വം വീഴുകയും തന്റെ ശരീരം പൊള്ളിക്കുകയും ചെയ്തു.

പിന്നീട് കുടുംബാംഗങ്ങളുടെയും വേണ്ടപ്പെട്ടവരുടെയും സമ്മതത്തോടെ 1927ലെ പന്തക്കുസ്താ തിരുനാളില്‍ ഭരണങ്ങാനത്തെ എഫ് സി സി കോണ്‍വെന്‍റില്‍ ചേര്‍ന്നു. 1928 ഓഗസ്റ്റ് രണ്ടിന്‌ സന്യാസവസ്ത്രം സ്വീകരിക്കുകയും അല്‍ഫോന്‍സാ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. 1936 ഓഗസ്റ്റ് 12-ന് വിശുദ്ധ ക്ലാരായുടെ തിരുനാള്‍ ദിവസം ചങ്ങനാശ്ശേരി മഠത്തിൽ വച്ച് നിത്യവ്രതവാഗ്ദാനം നടത്തി. ആ സമയം മുതല്‍ യേശുവിന്റെ കുരിശിന്റെ ഒരു ഭാഗം തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ഒരു പ്രതീതിയായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. യേശു തന്റെ മണവാട്ടിയെ സഹനങ്ങള്‍ നിറഞ്ഞ ജീവിതത്തിലൂടെയായിരുന്നു പൂര്‍ണ്ണയാക്കിയിരുന്നത്. തന്റെ ജീവതത്തിൽ മറ്റാരും അനുഭവിക്കാത്തത്ര കഷ്ടപ്പാടുകളും വിഷമതകളും അൽഫോൻസാമ്മ അനുഭവിച്ചിരുന്നു. പാരവശ്യവും രക്തസ്രാവവും പനിയും ചുമയും അവരുടെജീവിതാവസാനം വരെ നീണ്ടു നിന്നു. കടുത്തരോഗബാധിതയായി തീര്‍ന്ന അല്‍ഫോന്‍സാമ്മ 1946 ജൂ‍ലൈ 28നായിരുന്നു മരിച്ചത്. 1986 ഫെബ്രുവരി എട്ടാം തീയതി അല്‍ഫോന്‍സാമ്മയെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2008 ഒക്ടോബര്‍ പന്ത്രണ്ടിന്‌ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ അല്‍ഫോന്‍സാമ്മയെ വിശുദ്ധപദവിയിലേക്ക് ഉയർത്തി.

✝️ വിശുദ്ധ അൽഫോൻസാമ്മയോടൊപ്പം പ്രാർത്ഥിക്കാം.

വിശുദ്ധ അൽഫോൻസാമ്മേ, മനസറിവോടെ ഒരു നിസാര പാപം ചെയ്തു പോലും നല്ല ദൈവത്തെ നീ വേദനപ്പിക്കാത്തതുപോലെ നോമ്പിലെ ഈ വിശുദ്ധ വെള്ളിയാഴ്ചയിൽ പാപം ചെയ്തു നിന്നെ വേദനിപ്പിക്കാതിരിക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ.


Related Articles »