News - 2025
കുരിശിലെ മഹാത്യാഗത്തിന്റെ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി
പ്രവാചക ശബ്ദം 02-04-2021 - Friday
മാനവവംശത്തിന്റെ രക്ഷയ്ക്കായി കുരിശുമരണം വരിച്ച യേശുവിന്റെ മഹാത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന്‍ ദുഃഖവെള്ളി ആചരിക്കുന്നു. ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന്‍ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കും. പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്പ്പ്നീര്‍ സ്വീകരിക്കലും ശുശ്രൂഷയില്‍ ഉണ്ടാകും. അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ പെസഹാ വ്യാഴാഴ്ചയായ ഇന്നലെ കാല്‍നടയായും അല്ലാതെയും എത്തിയതു നൂറുകണക്കിനു വിശ്വാസികളായിരിന്നു.
പീഢാനുഭവത്തിന്റെ സ്മരണ പുതുക്കുന്ന ദുഃഖവെള്ളിയാഴ്ചയായ ഇന്നും ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നു. വിശ്വാസികളുടെ എണ്ണം വര്‍ധിച്ചാലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു മാത്രമെ കുരിശുമുടി കയറാന്‍ അനുവദിക്കൂവെന്നു വികാരി ഫാ. വര്‍ഗീസ് മണവാളന്‍ പറഞ്ഞു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് കുരിശുമുടി കയറാന്‍ വിശ്വാസികള്‍ക്ക് അനുവാദമുള്ളത്. രാത്രി പത്തോടെ തീര്‍ത്ഥാടകര്‍ പരിസരപ്രദേശത്തുനിന്ന് ഒഴിഞ്ഞ പോവണമെന്ന കര്‍ശനനിര്‍ദേശമുണ്ട്.
ഇന്നു പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക്, ഇന്ത്യയിൽ രാത്രി 9.30ന് കുരിശാരാധന, പീഢാനുഭവ പാരായണം, ദിവ്യകാരുണ്യസ്വീകരണം എന്നിവ മാര്‍പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും. കുരിശിന്‍റെവഴി പ്രാദേശിക സമയം രാത്രി 9 മണിക്ക്, ഇന്ത്യന്‍ സമയം (ശനിയാഴ്ച പുലര്‍ച്ചെ 12.30-ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ. റോമിലെ കുട്ടികളും യുവജനങ്ങളും ചേർന്ന് ഒരുക്കിയ ചിത്രങ്ങളാണ് കുരിശിന്‍റെവഴിയുടെ ഓരോ സ്ഥലങ്ങളിലും ക്രമീകരിക്കുന്നത്.