News - 2021

പാക്കിസ്ഥാനിൽ വീണ്ടും വ്യാജ മതനിന്ദാരോപണം: ക്രിസ്ത്യന്‍ നഴ്സുമാര്‍ക്കെതിരെ പോലീസിന്റെ എഫ്‌ഐ‌ആര്‍; വധശ്രമം

പ്രവാചക ശബ്ദം 10-04-2021 - Saturday

ഫൈസലാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ സഹപ്രവർത്തക വ്യാജ മതനിന്ദാ കുറ്റം ആരോപിച്ചതിന്റെ പേരില്‍ സിവിൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന രണ്ട് ക്രൈസ്തവ വിശ്വാസികളായ നഴ്സുമാർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റർ ചെയ്തു. മരിയും ലാൽ, ന്യൂവിഷ് അരൂജ് എന്നീ നഴ്സുമാരാണ് റുക്സാന എന്ന മുസ്ലിം മത വിശ്വാസിയും സഹപ്രവര്‍ത്തകയുമായ സീനിയർ നേഴ്സിന്റെ വ്യാജ ആരോപണത്തിന്റെ ഇരകളായിരിക്കുന്നത്. മരിയും ലാൽ ആശുപത്രിയിലെ ചുമരിൽ നിന്ന് പഴകിയ ഖുർആൻ വചനങ്ങൾ എടുത്തുമാറ്റി എന്ന് റുക്സാനയുടെ ആരോപണം. എന്നാൽ യഥാർത്ഥത്തിൽ റുക്സാനയുടെ നിർദ്ദേശപ്രകാരമാണ് മരിയും ലാൽ ചുമരിലെ ചിത്രങ്ങളും, സ്റ്റിക്കറുകളും നീക്കം ചെയ്തത്. മരിയും ലാലിനെതിരെ മുൻവൈരാഗ്യമുണ്ടായിരുന്ന റുക്സാന ആശുപത്രിയിലെ മറ്റു ജോലിക്കാരെ വിളിച്ചുകൂട്ടി പ്രശ്നം സങ്കീർണ്ണമാക്കുകയായിരുന്നു. ന്യൂവിഷ് അരൂജും ഇതിന്റെ ഇരയായി.

ഇതിനിടെ ഇവര്‍ക്ക് നേരെ വധശ്രമം ഉണ്ടായി. ഫാർമസിയിൽ ജോലിചെയ്യുന്ന മുസ്ലിം മത വിശ്വാസിയായ വക്കാസ് എന്നൊരാൾ മരിയും ലാലിനെ ജോലിക്കിടയിൽ കത്തികൊണ്ട് ആക്രമിച്ചു. കൈക്ക് ഗുരുതരമായി പരിക്കേറ്റ മരിയും അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ സമീപത്ത് താമസിക്കുന്ന തീവ്ര മുസ്ലീം വിഭാഗത്തിൽപ്പെട്ടവർ മരിയും ലാലിനെ അറസ്റ്റ് ചെയ്ത്, കഴുത്തറക്കണമെന്ന് ആക്രോശിച്ച് ആശുപത്രിയുടെ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഗൗരവകരമായ വിഷയമാണിതെന്ന് മനുഷ്യാവകാശത്തിനും, ന്യൂനപക്ഷ കാര്യങ്ങൾക്കും വേണ്ടിയുള്ള പഞ്ചാബ് മന്ത്രിസഭയിലെ അംഗമായ ആസിഫ് മുനവ്വർ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയോട് പറഞ്ഞു.

ഒരു നേഴ്സിന് നേരെ മൂന്നുമാസത്തിനിടെ മതനിന്ദാ കുറ്റം ആരോപിക്കപ്പെടുന്ന രണ്ടാമത്തെ കേസാണിത്. സുതാര്യമായ അന്വേഷണത്തിന് വേണ്ടി മരിയും ലാലിന് പോലീസ് കസ്റ്റഡിയിൽ സുരക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെക്ഷൻ 295-ബി വകുപ്പ് പ്രകാരമാണ് രണ്ട് നഴ്സുമാർക്കെതിരെയും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരസ്പര വൈരാഗ്യം തീർക്കാനുള്ള മാര്‍ഗ്ഗമായും, മത വിദ്വേഷത്തിൻറെ ഫലമായും നിരവധി മതനിന്ദാ കേസുകളാണ് പാക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഇതിനിടയിൽ തീവ്രവാദസംഘടനകൾ വലിയ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിക്കുകയും, കുറ്റം ആരോപിക്കപ്പെടുന്നവരെ വധിക്കാൻ പോലും ശ്രമിക്കാറുണ്ട്.

1987-2017നുമിടയിൽ 1534 മതനിന്ദാ കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 54 ശതമാനം കേസുകളും ന്യൂനപക്ഷ വിഭാഗത്തിൽപെടുന്നവർക്കെതിരെയാണ്. രാജ്യത്തെ ജനസംഖ്യയുടെ 1.6 ശതമാനം മാത്രമുള്ള ക്രൈസ്തവ വിഭാഗത്തിൽപെടുന്നവർക്കെതിരെ 238 കേസുകളുണ്ട്. ഇതിനിടയിൽ നഴ്സുമാർക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിനെ ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ റീജണൽ മാനേജർ വില്യം സ്റ്റാർക് അപലപിച്ചു. വ്യാജ ആരോപണം ഉന്നയിച്ച വ്യക്തിയെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »