News - 2025
രണ്ടര പതിറ്റാണ്ടായി ആഫ്രിക്കയില്‍ സേവനം ചെയ്തു വന്നിരിന്ന മലയാളി മിഷ്ണറി വൈദികന്‍ അന്തരിച്ചു
പ്രവാചക ശബ്ദം 11-04-2021 - Sunday
അങ്കമാലി: രണ്ടര പതിറ്റാണ്ടായി വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സേവനം ചെയ്തുവന്നിരിന്ന മലയാളി വൈദികന്‍ കോവിഡ് ബാധിച്ചു മരിച്ചു. അങ്കമാലി വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ മേരിമാതാ പ്രൊവിൻസ് അംഗമായ റവ. ഫാ. ജോയ് വെള്ളാരംകാലായിലാണ് ഇന്നലെ കെനിയയില്‍ നിര്യാതനായത്. കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ എംപി ഷാ ആശുപത്രിയില്‍വെച്ചായിരിന്നു അന്ത്യം. ആസ്തമ രോഗി കൂടിയായിരിന്ന അദ്ദേഹം ഒരാഴ്ചയായി കോവിഡ് ബാധയെ തുടര്‍ന്നു ചികിത്സയിലായിരിന്നു.
പാലാ രൂപതയിലെ കുറവിലങ്ങാട് ഇടവകയിലെ പരേതനായ ലൂക്കാ, അന്നമ്മ ദമ്പദികളുടെ പതിനഞ്ചു മക്കളിൽ പന്ത്രണ്ടാമനായിരിന്നു ഫാ. ജോയ്. ആഫ്രിക്കയിലെ കെനിയ, ഉഗാണ്ട, താൻസാനിയ എന്നീ രാജ്യങ്ങളിൽ പ്രവർത്തിച്ച തീക്ഷ്ണ മിഷ്ണറിയായിരിന്നു അദ്ദേഹം. തോമസ്, ജോസ്, സിസിലി, സാലി, ബാബു, ബ്രൈസ്, ലില്ലിക്കുട്ടി, ജോണി, ജെസ്സിമോൾ, സജിമോൾ, ജിജിമോൾ, സി. അൽഫോൻസ, പരേതരായ ജോർജ്, ബേബി എന്നിവർ സഹോദരങ്ങളാണ്. മൃതസംസ്കാരം ഏപ്രിൽ 12 തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2:30 ന് കെനിയയിലെ ഗോങ് വിൻസെൻഷ്യൻ സെമിനാരിയോട് ചേർന്നുള്ള സെമിത്തേരിയിൽ നടത്തപെടും.