Life In Christ - 2025

ലിത്വാനിയന്‍ ജനത ദൈവകരുണയുടെ സന്ദേശം ലോകത്തിന് എത്തിക്കുവാന്‍ ചുമതലപ്പെട്ടവര്‍: വില്‍നിയൂസ് മെത്രാപ്പോലീത്ത

പ്രവാചക ശബ്ദം 11-04-2021 - Sunday

വില്ദൈ‍നിയൂസ്വ: ദൈവകരുണയുടെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്റ്റീന കോവാള്‍സ്ക നല്കിയ ദൈവകരുണയുടെ മഹത്തായ സന്ദേശം ലോകത്തിനു പകരുവാനും, ലോകത്തിനു മുന്നില്‍ ദൈവകരുണയുടെ പതാകവാഹകരാകുവാനുമുള്ള ബാധ്യത ലിത്വാനിയയ്ക്കുണ്ടെന്ന് ഗിണ്ടാരാസ് ഗ്രൂസാസ് മെത്രാപ്പോലീത്ത. കാത്തലിക് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് മെത്രാപ്പോലീത്ത ഇക്കാര്യം പറഞ്ഞത്. ലിത്വാനിയന്‍ തലസ്ഥാനമായ വില്‍നിയൂസിലെ മെത്രാപ്പോലീത്തയാണ് ഗിണ്ടാരാസ് ഗ്രൂസാസ്. പോളിഷ് കന്യസ്ത്രീയായ വിശുദ്ധ ഫൗസ്റ്റീന കോവാള്‍സ്ക തന്റെ ഡയറിയില്‍ കുറിച്ചിട്ടിട്ടുള്ള യേശുവിന്റെ ദര്‍ശനങ്ങള്‍ ലഭിച്ചത് വില്‍നിയൂസില്‍വെച്ചാണ്.

വിശുദ്ധ ഫൗസ്റ്റീനയുമായി ബന്ധപ്പെട്ട വാര്‍സോ, ക്രാക്കോ, പ്ലോക്ക്, വില്‍നിയൂസ് എന്നീ നാല് പട്ടണങ്ങള്‍ക്ക് ദൈവകരുണയുടെ സന്ദേശം ലോകത്ത് എത്തിക്കുവാനുള്ള ചുമതല വിശുദ്ധയുടെ നാമകരണവേളയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ നല്‍കിയിട്ടുള്ള കാര്യവും മെത്രാപ്പോലീത്ത സ്മരിച്ചു. 1938-ല്‍ തന്റെ 33-മത്തെ വയസ്സില്‍ മരിക്കുന്നതിന് മുന്‍പ് വിശുദ്ധ ഫൗസ്റ്റീന കണ്ട ഒരേയൊരു ദൈവകരുണയുടെ യഥാര്‍ത്ഥ ചിത്രവും ഇവിടെയാണുള്ളത്. ദൈവകരുണയുടെ നാമധേയത്തില്‍ സമര്‍പ്പിക്കപ്പെട്ട ഒരു ദേവാലയവും തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞ മെത്രാപ്പോലീത്ത, വിശുദ്ധക്ക് യേശുവിന്റെ ദര്‍ശനങ്ങള്‍ ലഭിച്ച കന്യാസ്ത്രീ മഠം ഇപ്പോഴും തുറന്നിട്ടുണ്ടെന്നും, ഒരു കോണ്‍വെന്റാണെങ്കിലും അതൊരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണെന്നും കൂട്ടിച്ചേര്‍ത്തു.

കൊറോണ പകര്‍ച്ചവ്യാധിയുടേതായ ഈ സമയത്ത് ദൈവത്തിന്റെ കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. 28 ലക്ഷത്തോളം വരുന്ന ലിത്വാനിയന്‍ ജനസംഖ്യയുടെ 20 ലക്ഷവും ജ്ഞാനസ്നാനം സ്വീകരിച്ച കത്തോലിക്കരാണ്.


Related Articles »