Life In Christ - 2025
വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി: മെയ് 3ന് കണ്‍സിസ്റ്ററി കൂടാന്‍ തീരുമാനം
പ്രവാചക ശബ്ദം 16-04-2021 - Friday
റോം: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള അടക്കം ഏഴ് പേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി വരുന്ന മെയ് മൂന്നിന് വത്തിക്കാനിൽവെച്ച് ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ കൺസിസ്റ്ററി കൂടുവാന്‍ തീരുമാനം. അപ്പസ്തോലിക കൊട്ടാരത്തില്‍ രാവിലെ 10 മണിയോടെ കണ്‍സിസ്റ്ററിക്കു ആരംഭമാകും. കര്‍ദ്ദിനാളുമാരുടെ ഈ പ്രത്യേക സമ്മേളനത്തില്‍ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന തീയതി തീരുമാനിക്കും. ഭാരതത്തിലെ പ്രഥമ അൽമായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെയും ഇറ്റലിയിൽ നിന്നുള്ള വൊക്കേഷണിസ്റ്റ് സന്യാസസമൂഹ സ്ഥാപകനായ വാഴ്ത്തപ്പെട്ട ഫാ. ജസ്റ്റിൻ റുസ്സലീലോയുടെയും മറ്റ് വാഴ്ത്തപ്പെട്ടവരുടെയും നാമകരണത്തിനായി അവരുടെ പേരിൽ നടന്ന അത്ഭുതങ്ങൾ ഫ്രാൻസിസ് പാപ്പ കഴിഞ്ഞ വർഷം അംഗീകരിച്ചിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്തായിരിന്നു അദ്ദേഹത്തിന്റെ ജനനം. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. ഡച്ച് സൈന്യാധിപൻ ഡിലനോയിൽ നിന്നു ക്രിസ്തുവിനെ അറിഞ്ഞ പിള്ള തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു.
രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചത് രാജസേവകരെയും സഹപ്രവര്‍ത്തകരെയും ചൊടിപ്പിക്കുകയായിരിന്നു. പിള്ളയ്ക്കെതിരായി അവര്‍ ഉപജാപം നടത്തി അവര്‍ രാജദ്രോഹക്കുറ്റം ചാര്‍ത്തി. അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം.
1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലേക്ക് കൊണ്ടുപോയി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി മാറിയിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക