News - 2025
കോവിഡ് 19 നിയന്ത്രണങ്ങളില്‍ മത ന്യൂനപക്ഷങ്ങൾ നേരിട്ട വിവേചനം തുറന്നുക്കാട്ടി യുഎസ് കമ്മീഷൻ റിപ്പോർട്ട്
പ്രവാചക ശബ്ദം 23-04-2021 - Friday
വാഷിംഗ്ടണ്‍ ഡി.സി: കോവിഡ് 19 നിയന്ത്രണങ്ങൾ മൂലം ലോകമെമ്പാടുമുള്ള പല ന്യൂനപക്ഷ സമൂഹങ്ങൾക്കും വിവേചനം നേരിട്ടുവെന്ന റിപ്പോർട്ടുമായി മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്. വൈറസ് വ്യാപനത്തിന് ചില സ്ഥലങ്ങളിൽ ന്യൂനപക്ഷങ്ങളെയാണ് പഴിചാരുന്നതെന്നും ബുധനാഴ്ച പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ കമ്മീഷൻ പറയുന്നു. അമേരിക്കൻ കോൺഗ്രസിനെയും, സർക്കാരിനെയും മതസ്വാതന്ത്ര്യ ലംഘനങ്ങൾ അറിയിക്കുക എന്ന ദൗത്യമുള്ള യുഎസ് കമ്മീഷന്റെ റിപ്പോര്‍ട്ടിന് ആഗോള തലത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. കൊറോണവൈറസ് വ്യാപനം മൂലം ഉണ്ടായ ദുരിതങ്ങളുടെ വ്യാപ്തി കാണിക്കാനായി മുഖാവരണം ധരിച്ച ഭൂമിയുടെ ചിത്രമാണ് റിപ്പോർട്ടിന്റെ കവർ ചിത്രമായി നൽകിയിരിക്കുന്നത്.
ഭൂരിപക്ഷ രാജ്യങ്ങളും വൈറസ് വ്യാപനം തടയാനായി നടപ്പിലാക്കിയ നിയന്ത്രണങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുമായി ഒത്തുപോകുന്നതാണെങ്കിലും, ഏതാനും ചില രാജ്യങ്ങൾ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കിയെന്ന് കമ്മീഷൻ അധ്യക്ഷ ഗേയിൽ മഞ്ജിൻ പത്രസമ്മേളനത്തിൽ പറഞ്ഞു. നിയന്ത്രണങ്ങൾ എടുത്ത് മാറ്റപ്പെടുന്ന സമയത്ത് എല്ലാ മതങ്ങൾക്കും ഒരേ പരിഗണനയാണോ ലഭിക്കുന്നത് എന്ന കാര്യം തങ്ങൾ നിരീക്ഷിക്കുമെന്ന് അവർ പറഞ്ഞു. ക്രിസ്ത്യൻ, ഹൈന്ദവ ആരാധനാലയങ്ങൾ മുസ്ലിം ആരാധനാലയങ്ങൾക്ക് ശേഷം മാത്രം തുറക്കാനുള്ള അനുമതി നൽകിയ മലേഷ്യയുടെ വിവേചനം റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്നുണ്ട്. കൊറോണ വൈറസ് കൊണ്ടുവന്നുവെന്ന് ആരോപിച്ച് തുർക്കിയിൽ ഒരു അർമേനിയൻ ദേവാലയം ഒരു വ്യക്തി അഗ്നിക്കിരയാക്കാൻ ശ്രമിച്ചതും റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
പാക്കിസ്ഥാൻ, ഇന്ത്യ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ നേരിടേണ്ടി വന്ന ദുരിതാവസ്ഥകളും റിപ്പോർട്ടിലുണ്ട്. മത സ്വാതന്ത്ര്യത്തിന് കൂടുതൽ ആശങ്കയുണ്ടാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ഇത്തവണ 14 രാജ്യങ്ങളുടെ പേരുകളുളള പട്ടികയാണ് കമ്മീഷൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിൽ പത്ത് രാജ്യങ്ങളെ നേരത്തെ തന്നെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. ഇറാൻ, ചൈന, എറിത്രിയ, സൗദി അറേബ്യ, ഇന്ത്യ, സിറിയ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. യി.പട്ടികയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കാനായി ഇന്ത്യൻ സർക്കാർ കമ്മീഷന് മേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും ആ ശ്രമം വിഫലമായിരിന്നു.