News - 2025

കോവിഡ് മഹാമാരി: അസ്സീറിയൻ പൗരസ്ത്യ സഭ പാത്രിയാർക്കീസിന്റെ തെരഞ്ഞെടുപ്പ് നീട്ടി

പ്രവാചക ശബ്ദം 21-04-2021 - Wednesday

ഇർബില്‍: കൊറോണ വൈറസ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ പുതിയ പാത്രിയാർക്കീസിന്റെ തെരഞ്ഞെടുപ്പ് അസ്സീറിയൻ പൗരസ്ത്യ സഭ നീട്ടിവെച്ചു. സഭയുടെ ആസ്ഥാനമായ ഇറാഖിലെ ഇർബിലിലെയും, കുർദിസ്ഥാൻ പ്രവിശ്യയിലുള്ള മറ്റ് നഗരങ്ങളിലെയും ആരോഗ്യവകുപ്പ് അധികൃതർ പുറത്തു വിട്ട കൊറോണ വ്യാപന കണക്കുകൾ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സഭാനേതൃത്വം എത്തിയത്. 2020 ഫെബ്രുവരി മാസം ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സഭയുടെ നിലവിലുള്ള പാത്രിയാർക്കീസ് മാർ ഗീവർഗീസ് സ്ലീവാ മൂന്നാമൻ രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. നിലവിലെ പ്രത്യേക പശ്ചാത്തലത്തില്‍ അദ്ദേഹം തന്നെ പാത്രിയാർക്കീസ് പദവിയിൽ തുടരും. പശ്ചിമേഷ്യയിലെയും, മറ്റു രാജ്യങ്ങളിലേയും സഭാനേതൃത്വവുമായി തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതിനു മുൻപ് അദ്ദേഹം ചർച്ച നടത്തിയിരുന്നു.

ഭൂരിപക്ഷം ആളുകളും ഇതിന് അനുകൂലമായാണ് പ്രതികരിച്ചത്. മാർച്ച് ഏഴാം തീയതി ഫ്രാൻസിസ് മാർപാപ്പ ഇറാഖിൽ സന്ദർശനം നടത്തിയപ്പോൾ ഇർബിലിലെ ഫ്രാൻസൊ ഹരീരി സ്റ്റേഡിയത്തിൽ പാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ ഗീവർഗീസ് സ്ലീവാ മൂന്നാമൻ പങ്കെടുത്തിരുന്നു. വിശുദ്ധ കുർബാനയ്ക്കുശേഷം അദ്ദേഹത്തിന്റെ സാന്നിധ്യത്തിന് മാർപാപ്പ നന്ദിയും രേഖപ്പെടുത്തി. പാത്രിയർക്കീസ്, ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഒരു കാസയാണ് സമ്മാനമായി നൽകിയത്. 2015 സെപ്റ്റംബർ പതിനാറാം തീയതിയാണ് 51 വയസ്സുള്ള ഗീവർഗീസ് സ്ലീവ, അസ്സീറിയൻ പൗരസ്ത്യ സഭയുടെ പാത്രിയാർക്കീസ് പദവി ഏറ്റെടുക്കുന്നത്. 39 വർഷം സഭയുടെ തലപ്പത്തിരുന്ന ദിൻൻഹാ നാലാമന്റെ പിൻഗാമിയായാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2011-ലെ കണക്കുകള്‍ പ്രകാരം അസ്സീറിയൻ സഭയില്‍ നാലു ലക്ഷത്തിലധികം വിശ്വാസികളാണുള്ളത്.


Related Articles »