News - 2025

ആരാധന സ്വാതന്ത്ര്യം തടഞ്ഞുക്കൊണ്ടുള്ള പുതിയ നിയമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഐറിഷ് മെത്രാപ്പോലീത്ത

പ്രവാചക ശബ്ദം 21-04-2021 - Wednesday

ഡബ്ലിന്‍: ഐറിഷ് സര്‍ക്കാരിന്റെ പുതിയ കൊറോണ നിയന്ത്രണങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഐറിഷ് കത്തോലിക്ക സഭയുടെ തലവനും അര്‍മാഗ് അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ഈമണ്‍ മാര്‍ട്ടിന്‍. ‘മതസ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നുകയറ്റം’ എന്ന വിശേഷണം പുതിയ നിയമങ്ങള്‍ക്ക് നല്കിയ മെത്രാപ്പോലീത്ത ഇതിനെതിരെ നിയമോപദേശം തേടുവാന്‍ സഭ പദ്ധതിയിടുന്നതായി പറഞ്ഞു. വീടിനകത്തോ, കെട്ടിടത്തിനകത്തോ ഉള്ള പൊതു പരിപാടികളേയും കൂട്ടായ്മകളേയും ക്രിമിനല്‍ കുറ്റമായി പരിഗണിക്കുമെന്ന നിര്‍ദ്ദേശമാണ് വിമര്‍ശനത്തിനാധാരം. വിവാഹം, മൃതസംസ്കാരം എന്നിവ ഒഴികെയുള്ള ദേവാലയത്തിലെ പൊതു തിരുക്കര്‍മ്മങ്ങളും ഇതോടെ ക്രിമിനല്‍ കുറ്റമായിരിക്കുകയാണ്.

നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ 127 പൌണ്ട് പിഴയോ അല്ലെങ്കില്‍ 6 മാസത്തെ ജയില്‍ ശിക്ഷയോ അനുഭവിക്കേണ്ടതായി വരുമെന്നാണ് പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. ആരും അറിയാതെ രഹസ്യമായാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയതെന്ന് ആര്‍ച്ച് ബിഷപ്പ് ആരോപിച്ചു. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി കഴിഞ്ഞ ആഴ്ച ആദ്യം (തിങ്കളാഴ്ച) ഒപ്പിട്ട് ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്ന പുതിയ നിയമത്തെക്കുറിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച മാത്രമാണ് കത്തോലിക്കാ സഭ അറിഞ്ഞതെന്ന്‍ പറഞ്ഞ മെത്രാപ്പോലീത്ത, ആരോഗ്യമന്ത്രിയുമായി ഒരു അടിയന്തിര കൂടിക്കാഴ്ചക്ക് ശ്രമിക്കുമെന്നും നിയമത്തിലെ വിവാദ ഭാഗം റദ്ദാക്കുവാന്‍ ആവശ്യപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കത്തോലിക്ക മെത്രാപ്പോലീത്തമാരെ കാണുന്നതില്‍ സന്തോഷമുണ്ടെന്നും പുതിയ നിര്‍ദ്ദേശങ്ങള്‍ സഭയെ ലക്ഷ്യമിട്ടുള്ളതല്ലെന്നുമാണ് ആരോഗ്യമന്ത്രി പറയുന്നത്. പുതിയ നിയന്ത്രണങ്ങളും, വ്യവ്യസ്ഥകളും ‘പ്രകോപന’പരവും, മതസ്വാതന്ത്ര്യം, ഭരണഘടനാപരമായ അവകാശങ്ങള്‍ എന്നിവയുടെ മേലുള്ള കടന്നുകയറ്റവുമായിട്ടാണ് താനും തന്റെ സഹ-മെത്രാപ്പോലീത്തമാരും കരുതുന്നതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. കൊറോണ പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ നാളിതുവരെ തങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുവരികയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Archives >>

Page 1 of 644