News
അര്‍മേനിയന്‍ ക്രൈസ്തവ കൂട്ടക്കൊലയ്ക്കു 106 വര്‍ഷം: വംശഹത്യയായി ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചേക്കുമെന്നു സൂചന
പ്രവാചക ശബ്ദം 24-04-2021 - Saturday
വാഷിംഗ്ടണ്‍ ഡിസി: ഒന്നാം ലോകമഹായുദ്ധ കാലത്ത് ഓട്ടോമന്‍ തുര്‍ക്കികള്‍ പതിനഞ്ചുലക്ഷം ക്രൈസ്തവരുടെ ജീവനെടുത്ത അര്‍മേനിയന്‍ കൂട്ടക്കൊല വംശഹത്യ തന്നെയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഔദ്യോഗികമായി അംഗീകരിച്ചേക്കുമെന്ന സൂചനയുമായി വൈറ്റ്‌ഹൌസ് പ്രസ്സ് സെക്രട്ടറി ജെന്‍ പ്സാക്കിയുടെ വാര്‍ത്താ സമ്മേളനം. അര്‍മേനിയന്‍ കൂട്ടക്കൊലയെ വംശഹത്യയായി അംഗീകരിക്കാത്ത ഓട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ പിന്‍ഗാമികളായ തുര്‍ക്കിയുടെ എതിര്‍പ്പിനെ അവഗണിച്ചു പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഓട്ടോമന്‍ സാമ്രാജ്യം (ആധുനിക തുര്‍ക്കി) മതന്യൂനപക്ഷമായ അര്‍മേനിയന്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുവാന്‍ ആരംഭിച്ചതിന്റെ 106-മത് വാര്‍ഷികമായ ഇന്നു ഏപ്രില്‍ 24-ലെ അനുസ്മരണ ചടങ്ങില്‍ അര്‍മേനിയന്‍ കൂട്ടക്കൊലയെ “വംശഹത്യ” എന്ന പദമുപയോഗിച്ചായിരിക്കും ബൈഡന്‍ വിശേഷിപ്പിക്കുക എന്നാണു റിപ്പോര്‍ട്ടുകള്‍.
ബുധനാഴ്ച സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിനിടയില്‍ ബൈഡന്‍ ഭരണകൂടം അര്‍മേനിയന്‍ വംശഹത്യാ അനുസ്മരണദിനം സംഘടിപ്പിക്കുമോ എന്ന ചോദ്യത്തിന്, അനുസ്മരണ ദിനത്തെക്കുറിച്ച് കൂടുതലായി എന്തെങ്കിലും പറയുവാന്‍ ശനിയാഴ്ച സാധിച്ചേക്കും എന്നായിരുന്നു പ്സാക്കിയുടെ മറുപടി. അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ ഇരുപാര്‍ട്ടികളില്‍ നിന്നുമുള്ള ഏതാണ്ട് നൂറോളം പ്രതിനിധികള്‍ അര്‍മേനിയന്‍ കൂട്ടക്കൊലയെ വംശഹത്യയായി ഔദ്യോഗികമായി അംഗീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബൈഡന് തുറന്ന കത്തെഴുതിയ സാഹചര്യത്തിലാണ് വിഷയം സജീവമായിരിക്കുന്നത്. അവസാന തീരുമാനമായിട്ടില്ലെങ്കിലും, അര്‍മേനിയന്‍ കൂട്ടക്കൊലയെ ‘വംശഹത്യ’ എന്ന പദം ഉള്‍പ്പെടുത്തി ബൈഡന്‍ ശനിയാഴ്ച ഒരു പ്രതീകാത്മക പ്രസ്താവന പുറത്തുവിടുവാന്‍ സാധ്യതയുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത വൈറ്റ്‌ഹൌസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടു വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ബൈഡന്റെ പ്രഖ്യാപനം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നു തുര്‍ക്കി വിദേശകാര്യ മന്ത്രി മേവ്ലട്ട് കാവുസോഗ്ലു ചൊവ്വാഴ്ച ഹാബെര്‍ടുക് ടെലിവിഷനോട് പ്രതികരിച്ചു. ഇതിനുമുന്‍പ് ജോര്‍ജ്ജ് ഡബ്ല്യു ബുഷ്, ബറാക്ക് ഒബാമ, ഡൊണാള്‍ഡ് ട്രംപ് എന്നീ പ്രസിഡന്റുമാര്‍ അര്‍മേനിയന്‍ കൂട്ടക്കൊല അനുസ്മരണ പ്രസ്താവനകള്‍ പുറത്തുവിട്ടിട്ടുണ്ടെങ്കിലും വംശഹത്യ എന്ന പദം ഉപയോഗിച്ചിരുന്നില്ല. ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അർമേനിയയിൽ 1915- 1923 കാലഘട്ടത്തിൽ 15 ലക്ഷം പേരെ സൈന്യം കൊലപ്പെടുത്തിയതായാണ് ചരിത്രം. എന്നാൽ, ഈ കണക്കുകൾ പെരുപ്പിച്ചതാണെന്നും വംശഹത്യ നടത്തിയിട്ടില്ലെന്നും ഇതിൽ ഭൂരിഭാഗം മരണങ്ങളും ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമാണെന്നുമാണ് തുർക്കി വാദിച്ചിരുന്നത്.
ചില രാജ്യങ്ങളും ചരിത്ര പണ്ഡിതന്മാരും ഇതിനെ വംശഹത്യയെന്ന് വിശേഷിപ്പിച്ചിരുന്നെങ്കിലും തുർക്കിയെ പിണക്കാതിരിക്കാൻ ലോകരാജ്യങ്ങൾ പരസ്യമായി ഇക്കാര്യം പ്രഖ്യാപിക്കാൻ മടിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമനാണ് അർമേനിയൻ വംശഹത്യ എന്ന പരാമർശം ആദ്യമായി നടത്തിയ പാപ്പ. ജോൺ പോൾ രണ്ടാമൻ പാപ്പയും അർമേനിയൻ അപ്പസ്‌തോലിക സഭയുടെ പരമാധ്യക്ഷൻ കെരെകിൻ രണ്ടാമൻ പാത്രിയർക്കീസ് ബാവയും 2001ൽനടത്തിയ സംയുക്ത പ്രഖ്യാപനത്തിൽ ഇത്തരത്തിൽ ഒരു പരാമർശം ഉണ്ടായിരുന്നു. അർമേനിയൻ പ്രതിനിധി സംഘവുമായി 2013ൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഫ്രാൻസിസ് പാപ്പ ഇതേ പരാമർശം നടത്തിയിരുന്നു. 2016 ജൂണ്‍ മാസത്തില്‍ ഫ്രാന്‍സിസ് പാപ്പ അര്‍മേനിയ സന്ദര്‍ശിച്ചപ്പോഴും കൂട്ടക്കൊലയെ 'വംശഹത്യ' എന്ന വിശേഷണം നല്‍കിയത് ആഗോളതലത്തില്‍ ചര്‍ച്ചയായി മാറിയിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക