News
ആശുപത്രിയിലെ ഗുരുതരാവസ്ഥയില്‍ തിരുപ്പട്ട സ്വീകരണം നടത്തിയ നൈജീരിയന്‍ വൈദികന്‍ വിടവാങ്ങി
പ്രവാചക ശബ്ദം 27-04-2021 - Tuesday
റോം, ഇറ്റലി: ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ പെസഹാ ദിനത്തില്‍ ഗുരുതരമായ രക്താര്‍ബുദത്തിന് റോമിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ തിരുപ്പട്ട സ്വീകരണം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ നൈജീരിയന്‍ സ്വദേശിയായ ഫാ. ലിവിനിയൂസ് എസോംചി രക്താര്‍ബുദത്തോടുള്ള പോരാട്ടം മതിയാക്കി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. മുപ്പത്തിയൊന്നാമത്തെ വയസ്സിലാണ് അന്ത്യം. റോമിലെ കാസിലിനോയിലെ ‘പ്രെസിഡിയോ സാനിറ്റാരിയോ മെഡിക്കാ ഗ്രൂപ്പ്’ ആശുപത്രിയില്‍ വെച്ച് തിരുപ്പട്ടസ്വീകരണം നടത്തി 23 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഫാ. ലിവിനിയൂസിന്റെ അന്ത്യം. ഇന്നലെ ഏപ്രില്‍ 26ന് റോമിലെ സാന്‍ ജിയോവന്നി ലിയോണാര്‍ഡി ഇടവക ദേവാലയത്തില്‍ യുവവൈദികന്റെ മൃതദേഹം അടക്കം ചെയ്തു. തിരുപ്പട്ട സ്വീകരണം നടത്തിയതിനു ശേഷമുള്ള 23 ദിവസങ്ങളും ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരിന്നുവെന്നത് ശ്രദ്ധേയമാണ്.
തന്റെ സുപ്പീരിയറിനും, മറ്റൊരു വൈദികനും, ഒരു ചെറുപ്പക്കാരനുമൊപ്പം കരുണകൊന്ത ചൊല്ലിയ ശേഷമായിരുന്നു ഫാ. ലിവിനിയൂസ് മരണത്തിന് കീഴടങ്ങിയതെന്ന് അന്താരാഷ്ട്ര കത്തോലിക്ക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ അള്‍ത്താരയായ ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് തന്റെ സഹനങ്ങള്‍ അദ്ദേഹം ദൈവത്തിനു സമര്‍പ്പിക്കുകയും, ശക്തവും പ്രകടവുമായ രീതിയില്‍ വിശുദ്ധ കുര്‍ബാനയില്‍ ജീവിക്കുകയും ചെയ്ത ഫാ. ലിവിനിയൂസ് മറ്റ് വൈദികര്‍ക്കുള്ള മഹത്തായ പാഠമാണെന്നു ഫാ. ലിവിനിയൂസിന്റെ റോമിലെ സുപ്പീരിയറായ ഫാ. ഡേവിഡ് കാര്‍ബൊണാരോ റോമന്‍ രൂപതയുടെ വാര്‍ത്താപത്രമായ ‘റോമാ സെറ്റെ’യോട് പറഞ്ഞു.
പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പ് നൈജീരിയയിലെ മദര്‍ ഓഫ് ഗോഡ് സഭയില്‍ ചേര്‍ന്ന അദ്ദേഹം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് വൃതവാഗ്ദാനം നടത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ സെമിനാരി പഠനം നടത്തി വരികയായിരുന്ന ഫാ. ലിവിനിയൂസ് അര്‍ബുദത്തിനുള്ള മരുന്നും കഴിക്കുന്നുണ്ടായിരുന്നു. തന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്ന്‍ തിരുപ്പട്ടദാനം നേരത്തേയാക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഫാ. ലിവിനിയൂസ് ഫ്രാന്‍സിസ് പാപ്പക്ക് കത്തെഴുതിയതിനെ തുടര്‍ന്നു ഉടനെ തിരുപ്പട്ടം നല്‍കുവാന്‍ അനുമതി ലഭിക്കുകയായിരിന്നു.
വിശുദ്ധ കുര്‍ബാനയുടെ സ്ഥാപന ദിനമായ പെസഹ വ്യാഴാഴ്ച റോമിലെ സഹായ മെത്രാനായ ഡാനിയെലേ ലിബോരിയില്‍ നിന്നുമാണ് അദ്ദേഹം പട്ടം സ്വീകരിച്ചത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും, നേഴ്സുമാര്‍ക്കും ആശീര്‍വാദം നല്‍കിക്കൊണ്ടായിരിന്നു അദ്ദേഹം തന്റെ അജപാലക ശുശ്രൂഷയുടെ ആരംഭം. ഫാ. ലിവിനിയൂസിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ നൈജീരിയയിലെ അദ്ദേഹത്തിന്റെ ജന്മസ്ഥലത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനമായിട്ടുണ്ട്. വരുന്ന മെയ് 3ന് ഫാ. ലിവിനിയൂസിന്റെ പേരില്‍ സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ അനുസ്മരണ ബലി അര്‍പ്പിക്കും.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക